പാമൊലിന്‍ കേസുള്‍പ്പെടെയുള്ള വി.എസിന്റെ നിയമ പോരാട്ടങ്ങളെ അനുകൂലിയ്ക്കും: പ്രശാന്ത് ഭൂഷണ്‍

മുതിര്‍ന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിയമ പോരാട്ടങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ആം ആദ്മി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.

വി.എസിന്റെ പാമൊലിന്‍ കേസുള്‍പ്പെടെയുള്ള നിയമപോരാട്ടങ്ങളില്‍ അദ്ദേഹം ആവശ്യപ്പെടുകയാണെങ്കില്‍ ഒപ്പം നില്‍ക്കുമെന്നും ആം ആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് വി.എസ് വ്യക്തമാക്കിയിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അതേസമയം ആം ആദ്മി പാര്‍ട്ടിയുമായി സഹകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും തന്നെ വി.എസുമായി നടത്തിയിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

എന്നാല്‍ ആം ആദ്മിയുമായി സഹകരിയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വി.എസുമായി നടത്തിയെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നത്.

തിരുവനന്തപുരത്ത് വച്ച് വി.എസുമായി നടത്തിയത് സൗഹൃദ സംഭാഷണമാണ്. വി.എസിനെ പോലെയുള്ളവര്‍ ആം ആദ്മിയിലേയ്ക്ക് വരേണ്ടതുണ്ട്. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വി.എസ് ആം ആദ്മിയുമായി കൈ കോര്‍ക്കണം പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

മരിയ്ക്കും വരെ കമ്യൂണിസ്റ്റായി ജീവിയ്ക്കാനാണ് താത്പര്യമെന്ന വി.എസിന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളാണ് വി.എസ് അച്യുതാനന്ദനെ ആം ആദ്മിയിലേയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ വി.എസ് ഈ ക്ഷണം നിരസിയ്ക്കുകയും ചെയ്തിരുന്നു.

തന്റെ നീണ്ട എഴുപത് വര്‍ഷക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലം അറിയാതെയാണ് കെജ്‌രിവാള്‍ തന്നെ ആം ആദ്മിയിലേക്ക് ക്ഷണിച്ചതെന്നും മാര്‍ക്‌സിസ്റ്റ് ചിന്താഗതിയിലും വൈരുദ്ധ്യാത്മക ഭൗതികവാദത്തിലും അടിയുറച്ച് വിശ്വസിക്കുന്നയാളാണ് താനെന്നും വി.എസ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ കെജ്‌രിവാളിന്റെ അഭിഭാഷകനും ആം ആദ്മി വക്താവുമായ പ്രശാന്ത് ഭൂഷണുമായി തനിക്കുള്ള ബന്ധത്തെ വി.എസ് തള്ളിയിരുന്നില്ല.

You must be logged in to post a comment Login