പാരിസ്ഥിതിക പഠനം വിഷയമല്ല; തമിഴ്‌നാട്ടില്‍ കൃഷി മുഖ്യം

കെ. ജെ മനോജ്
തേനി:  മുല്ലപ്പെരിയാറിന്റെ ജലസമൃദ്ധിയും മഴയുടെ വരവും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കൃഷിയിടങ്ങളെ സജീവമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പാരിസ്ഥിതിക ആഘാത പഠനത്തിന് കേരളത്തിന് അനുമതി നല്‍കിയെന്നും ഇല്ലെന്നുമുള്ള വിവാദം ചൂടുപിടിക്കുമ്പോഴും ഇവിടെ കര്‍ഷകര്‍ക്ക് ഇതൊന്നും വിഷയമേയല്ല. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയാക്കിയുള്ള ഉത്തരവിന്റെ സംതൃപ്തിയില്‍ കഴിയുന്ന കര്‍ഷകര്‍ നടീലിന്റെ തിരക്കിലാണിപ്പോള്‍.
പതിവുപോലെ ജൂണ്‍ ഒന്നിനുതന്നെ മുല്ലപ്പെരിയാര്‍ ഫോര്‍ബേ ഡാമിലെ ഷട്ടര്‍ ഉയര്‍ത്തി ജലം തമിഴ്‌നാട്ടിലേയ്ക്ക് ഒഴുക്കിയതോടെ ഹ്രസ്വകാല വിളകള്‍ പരമാവധി ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. ഒരാഴ്ചയിലധികമായി ലഭിക്കുന്ന മഴയും അനുഗ്രഹമായി ഇവര്‍ കരുതുന്നു. വേനല്‍മഴ തമിഴ്ഗ്രാമങ്ങളിലെ കൃഷിയിടങ്ങളെ അപ്രതീക്ഷിതമായി കടാക്ഷിച്ചു. ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ പെയ്തിറങ്ങുന്ന മഴയില്‍ മണ്ണ് നന്നായി നനഞ്ഞു.
തെങ്ങും വാഴയും പച്ചക്കറികളുമൊക്കെ ഊര്‍ജ്വസ്വലതയോടെ നില്‍ക്കുന്നു. എല്ലാക്കൊല്ലവും ജൂണില്‍ ആരംഭിക്കുന്ന നടീലിന് ഇക്കുറി മഴ ശക്തമായ പിന്തുണയായി.  കേരളത്തിന്റെ അതിര്‍ത്തിയായ കമ്പം മുതല്‍ മധുര വരെയുള്ള പ്രദേശങ്ങളില്‍ കൃഷിയോഗ്യമായവയൊക്കെ ഉഴുതുമറിക്കുന്നതിന്റെ തിരക്കിലാണ് കര്‍ഷകര്‍. മുല്ലപ്പെരിയാര്‍ തുറന്നവിട്ടതിലൂടെ ലഭിക്കുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്താന്‍ ഉഴുതൊരുക്കിയ നിലങ്ങളില്‍ കീറിയ ചാലുകളിലൂടെ വെള്ളം ഒഴുക്കി എല്ലാ സ്ഥലത്തും എത്തിക്കുന്നതില്‍ കര്‍ഷകര്‍ ജാഗ്രത കാണിക്കുന്നു.
തേനി, മധുര, ശിവഗംഗ, ദിണ്ഡിക്കല്‍ എന്നീ ജില്ലകളിലാണ് മുല്ലപ്പെരിയാര്‍ ജലം ഏറ്റവും  ഉപയോഗപ്പെടുത്തുന്നത്. ജലനിരപ്പ് 140 അടിയാക്കിയതിനാല്‍ തങ്ങള്‍ക്ക് കൂടുതലൊന്നും ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നു തേനി ശീലയംപട്ടിയിലെ കര്‍ഷകനായ പച്ചയപ്പന്‍ കേരളഭൂഷണത്തോട് പറഞ്ഞു.
രണ്ടേക്കര്‍ ഭൂമിയില്‍ നടാനുള്ള ഉള്ളി തെരഞ്ഞെടുത്തു തൊഴിലാളികള്‍ക്ക് നല്‍കുന്ന ജോലിയിലായിരുന്നു പച്ചയപ്പന്‍. കൃത്യമായി മുല്ലപ്പെരിയാര്‍ ജലം ലഭിച്ചാല്‍ രണ്ടേക്കറില്‍നിന്ന് 5000 കിലോ ഉള്ളി പറിച്ചെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഈ വെള്ളം കിട്ടുംമുമ്പേ മഴയില്‍ പാടം തണുത്തിരുന്നു. മൂന്നു മാസത്തെ ഉള്ളികൃഷി പരമാവധി വേഗത്തിലാക്കാന്‍ 20 തൊഴിലാളികളാണ് പണിയെടുക്കുന്നത്. സ്ത്രീ തൊഴിലാളികള്‍ നടീലില്‍ ശ്രദ്ധപതിപ്പിച്ച് മുന്നേറുന്നു. മുല്ലപ്പെരിയാറില്‍ നിന്നും കനാലിലൂടെ വരുന്ന വെള്ളം കൃഷിയിടത്തിന്റെ മുക്കിനും മൂലയിലേയ്ക്കുമായി നാല് പുരുഷ തൊഴിലാളികള്‍ ചേര്‍ന്നാണ് നീര്‍ച്ചാലൊരുക്കി തിരിച്ചുവിടുന്നത്. സമാന കാഴ്ചയാണ് അതിര്‍ത്തി മേഖലകളില്‍ മിക്ക പ്രദേശത്തും.

You must be logged in to post a comment Login