പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് പി കെ ശശി; നടപടിയില്‍ തൃപ്തിയെന്ന് പരാതിക്കാരി

തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു എന്ന് സസ്‌പെന്‍ഷനിലായ എംഎല്‍എ പികെ ശശി. പാര്‍ട്ടി തീരുമാനം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും. പാര്‍ട്ടി തന്റെ ജീവനാണെന്ന് എംഎല്‍എ. നടപടിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പി.കെ.ശശി തയ്യാറായില്ല.

പാര്‍ട്ടി നടപടി ചോദ്യം ചെയ്യാതെ അംഗീകരിക്കുമെന്ന് നേരത്തേയും പി.കെ.ശശി വ്യക്തമാക്കിയിരുന്നതാണ്. പരാതി നിലനില്‍ക്കെത്തന്നെ പി.കെ.ശശി പാര്‍ട്ടി ജാഥാ ക്യാപ്റ്റനായതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ത്തന്നെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്.

ലൈംഗികപീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്‌ഐ വനിതാനേതാവാണ് പി.കെ.ശശിയ്‌ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നല്‍കിയത്.

അതേ സമയം പാര്‍ട്ടിയുടെ നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതിക്കാരിയും അറിയിച്ചു.  പരസ്യ പ്രതികരണത്തിനില്ലെന്നും തുടർനടപടികളിലേക്ക് ഇല്ലെന്നും  വ്യക്തമാക്കി. പാര്‍ട്ടിയില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം പാര്‍ട്ടി കാത്തു. അതിന് പാര്‍ട്ടിയോട് നന്ദിയും സ്നേഹവും ഉണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു.

You must be logged in to post a comment Login