പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി

ന്യൂഡല്‍ഹി:  നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ ബഡ്ജറ്റ് സമ്മേളനത്തിന് ഇന്ന്  തുടക്കമാവും. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ആറ്   ഓര്‍ഡിനന്‍സുകള്‍ നിയമമാക്കേണ്ടതുള്ളതിനാല്‍ പ്രതിപക്ഷത്തെ കൈയിലെടുക്കാന്‍ എല്ലാം വഴിയും തേടുകയാണ് സര്‍ക്കാര്‍. 26ന് റെയില്‍വേ ബഡ്ജറ്റും 28ന് പൊതു ബഡ്ജറ്റും അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ പകുതി മാര്‍ച്ച് 20ന് കഴിയും.
ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാസാക്കാന്‍ കഴിയാതിരുന്ന ആറു പ്രധാനപ്പെട്ട ബില്ലുകളാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളായി കൊണ്ടുവന്നത്. ഇവ ബഡ്ജറ്റ് സമ്മേളനത്തില്‍ പാസാക്കുകയാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കര്‍ഷക വിരുദ്ധ വ്യവസ്ഥകളുള്ള ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജെ.ഡി.യു ആണ് ബില്ലിനെതിരെ നിലകൊള്ളുന്ന മറ്റൊരു പ്രധാന കക്ഷി. പുറമേ  മറ്റ് 66 ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരും.

പ്രതിപക്ഷവുമായുള്ള ഏത് അഭിപ്രായ വ്യത്യാസവും പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി വിഷയം രാഷ്ട്രീയവത്കരിക്കാതെ ആത്മാര്‍ത്ഥതയോടെ സമീപിക്കണമെന്നും അഭിപ്രായപ്പെട്ടു.
2013ലെ നിയമം ഭൂമി ഏറ്റെടുക്കലിന് തടസമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പരാതിപ്പെടുന്നുണ്ട്. ഈ ബുദ്ധിമുട്ട് പരിഹരിക്കലാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. കൃഷിഭൂമി നഷ്ടപ്പെടുന്ന കര്‍ഷകനുള്ള നഷ്ടപരിഹാരത്തിലും പുനരധിവാസത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ തുറന്നുകാട്ടാനുള്ള വേദിയാണ് പാര്‍ലമെന്റ് എന്നും സര്‍ക്കാര്‍ അവ തുറന്ന മനസോടെ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login