പാലക്കാട്ട് ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട് മഞ്ചക്കണ്ടി വനമേഖലയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇന്നലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റിരുന്നു.

തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുകയാണ്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് ചിതറിയോടെയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും വെടിവയ്പ്പുണ്ടായത്.

അതേസമയം ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മാവോയിസ്റ്റ് പ്രവര്‍ത്തകരായ കാര്‍ത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തണ്ടര്‍ബോള്‍ട്ട് അസി. കമാന്റോ സോളമന്റെ നേതൃത്വത്തില്‍ മഞ്ചക്കണ്ടി വനമേഖലയില്‍ നടത്തിയ പട്രോളിംഗിനിടെയാണ് ഇന്നലെ മാവോയിസ്റ്റുകള്‍ കമാന്റോകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്്. മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയില്‍ കര്‍ശന സുരക്ഷയാണ് പൊലീസും തണ്ടര്‍ ബോള്‍ട്ടും ഒരുക്കിയിട്ടുള്ളത്.

You must be logged in to post a comment Login