പാലായില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് ; മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും

കോട്ടയം: പാലായില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി. യുഡിഎഫ് കൈവശം വച്ചിരിക്കുന്ന സീറ്റ് എങ്ങനെയെങ്കിലും സ്വന്തമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പാലായിലെത്തും.

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് മുഖ്യമന്ത്രി പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കുടുംബ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കും. ഇന്ന് രാവിലെ പത്തിന് മേലുകാവുമറ്റം, വൈകീട്ട് നാലിന് കൊല്ലപ്പള്ളി, അഞ്ചിന് പോണ്ടാനം വയല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വ്യാഴാഴ്ച (നാളെ) രാവിലെ പത്തിന് മുത്തോലിക്കവല, നാലിന് പൈക, ആറിന് കൂരാലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ നയ്ക്കപ്പാലം, നാലിന് രാമപുരം, ആറിന് പാലാ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

കെ.എം.മാണി ഇല്ലാത്ത തിരഞ്ഞെടുപ്പിനെ ഏറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഇടതുമുന്നണി കാണുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയോട് ചെറിയ ഭൂരിപക്ഷത്തില്‍ മാത്രം പരാജയപ്പെട്ട മാണി സി.കാപ്പന് ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് എല്‍ഡിഎഫ്.

ശബരിമല വിഷയമടക്കം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷം പ്രചാരണം തുടരുമ്പോള്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വോട്ട് ചോദിക്കുകയാണ് ഇടതുമുന്നണി. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും വ്യത്യസ്ത നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, യുഡിഎഫിൽ താത്കാലിക ആശ്വാസമെന്ന വണ്ണം പി.ജെ.ജോസഫ്-ജോസ് കെ.മാണി പോര് അവസാനിച്ചിട്ടുണ്ട്. പരസ്പരമുള്ള വിമർശനങ്ങളിൽ നിന്ന് ഇരു കൂട്ടരും പിൻവലിഞ്ഞിരിക്കുകയാണ്. പി.ജെ.ജോസഫ് പക്ഷം ജോസ് കെ.മാണിക്കൊപ്പം പ്രചാരണം നടത്തുന്നില്ലെങ്കിലും ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇരു നേതാക്കളും പങ്കെടുക്കുമെന്നാണ് സൂചന. എ.കെ.ആന്റണി പങ്കെടുക്കുന്ന യോഗത്തിൽ താനും ഉണ്ടാകുമെന്ന് പി.ജെ.ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

You must be logged in to post a comment Login