പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; അറസ്റ്റ് ഉടനില്ല

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. മൂന്ന് സെറ്റ് ചോദ്യാവലിയാണ് വിജിലന്‍സ് തയാറാക്കിയിരിക്കുന്നത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞിട്ടുണ്ടെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. അതേസമയം കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. നിയമോപദേശത്തിന് ശേഷമായിരിക്കും അറസ്റ്റ്. ചോദ്യം ചെയ്ത രേഖകള്‍ ഏജിക്ക് കൈമാറാനാണ് വിജിലന്‍സ് തീരുമാനം.

You must be logged in to post a comment Login