പാലാരിവട്ടം മേല്‍പ്പാലം: ശ്രീധരന്റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍, തലസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കും. ഇന്നാണ് യോഗം. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം നിര്‍ണായകമാണ്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കണമെന്നും തല്‍സ്ഥാനത്ത് പുതിയ പാലം പണിയണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീധരന്റെ ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാലം നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് സംഘവും പാലം പൊളിച്ചുനീക്കി പുതിയത് പണിയണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login