പാലാരിവട്ടം മേൽപാലം അഴിമതി; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു

പാലാരിവട്ടം മേൽപാലം നിർമ്മാണ അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു. മുൻ പൊതുമരാമത്ത് മന്ത്രിയും കളമശേരി എംഎൽഎയുമായ ഇബ്രാഹിംകുഞ്ഞിനെ കൊച്ചി കതൃക്കടവിലെ വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ്  ചോദ്യം ചെയ്തത്. വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പാലാരിവട്ടം മേൽപാലം നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു.

വിജിലൻസിന്റെ ചോദ്യങ്ങൾക്ക് സത്യസന്ധമായി താൻ മറുപടി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്റെ നിർമ്മാണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മുൻമന്ത്രി പറഞ്ഞു. പാലത്തിന് 102 ആർസിസി ഗർഡറുള്ളതിൽ 97 ലും വിള്ളൽ വീണതായി ഇ. ശ്രീധരൻ നേരത്തെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ താൻ പാലത്തിന് ഭരണാനുമതി നൽകുക മാത്രമാണ് ചെയ്തതെന്ന നിലപാടിലാണ് ഇബ്രാഹിം കുഞ്ഞ്. അതേ സമയം മേൽപാലം അഴിമതി കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ യെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു.

You must be logged in to post a comment Login