പാലാരിവട്ടത്തേത് സാങ്കേതിക പിഴവ് മാത്രം; അറസ്റ്റില്‍ ഭയമില്ല: ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം:  പാലാരിവട്ടം മേല്‍പ്പാലത്തിലേത് സാങ്കേതിക പിഴവ് മാത്രമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. നൂറ് ശതമാനം ആളുകള്‍ക്കും ഇത് വ്യക്തമായിട്ടുണ്ട്. മുന്‍കൂറായി പണം നല്‍കുന്നത് സര്‍ക്കാര്‍ പോളിസിയാണ്. ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിനും മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. മൊബലൈസേഷന്‍ അഡ്വാന്‍സ് പോളിസിയായാണ് പണം നല്‍കിയത്. കാലാകാലങ്ങളായി നല്‍കുന്നതാണിത്. ആര്‍ബിഡിസിക്ക് മുന്‍കൂര്‍ പണം നല്‍കാനാണ് തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഇബ്രാഹിംകുഞ്ഞ് രംഗത്തെത്തിയത്. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അനുമതി നല്‍കുന്നുവെന്നതിനപ്പുറം മന്ത്രിമാര്‍ സാങ്കേതിക വിദഗ്ധരല്ല. മേല്‍പ്പാലം അഴിമതി കേസിൽ അറസ്റ്റിലാവുമെന്ന ഭയമില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് ഹൈക്കോടതിയിലാണ് ടി.ഒ.സൂരജ് വെളിപ്പെടുത്തിയത്. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചു. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ റിമാന്‍ഡിലാണ് ടി.ഒ.സൂരജ്. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ സൂരജ് 19 ദിവസമായി റിമാന്‍ഡിലാണ്.

സൂരജ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണം. താന്‍ അഴിമതി ചെയ്തിട്ടില്ലെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വി.കെ.ഇബ്രാഹിംകുഞ്ഞാണെന്നും സൂരജ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡി‌എസ് കമ്പനിക്ക് നൽകിയത് ശരിയാണ്. ആ തീരുമാനം ഞാൻ എടുത്തതല്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണ്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ, താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ.സൂരജ് വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login