പാലാ തെരഞ്ഞെടുപ്പ്; ഇന്നും നാളെയും നിശബ്ദ പ്രചാരണം

പാലായെ ഇളക്കിമറിച്ച കലാശക്കൊട്ടിന് ശേഷം ഇന്നും നാളെയും നിശബ്ദ പ്രചാരണം. മുന്നണി സ്ഥാനാർത്ഥികൾ കുടുംബ യോഗങ്ങളിലും ഗൃഹസന്ദർശന പരിപാടികളിലുമാണ് അവസാന ദിനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് പാലായിലെ ജനവിധി.

അക്ഷരാർത്ഥത്തിൽ മൂന്ന് മുന്നണികളുടെയും ശക്തിപ്രകടനമായിരുന്നു പാലായിലെ കൊട്ടിക്കലാശം. അണികൾക്കും സ്ഥാനാർത്ഥികൾക്കും ഇനി രണ്ട് ദിനം നിശബ്ദ പ്രചാരണത്തിന്റെ തിരക്ക്. ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ കുടംബ സംഗമത്തിലും സ്വകാര്യ സന്ദർശന പരിപാടികളിലുമാണ് മുന്നണി സ്ഥാനാർത്ഥികൾ. പര്യടനത്തിനിടെ വിട്ടുപോയ പ്രധാന വ്യക്തികളെ നേരിൽ കണ്ട് വോട്ടുറപ്പാക്കലാണ് പ്രധാനം.

കഴിഞ്ഞ ദിവസങ്ങളിൽ വിവാദ വിഷയങ്ങളിൽ ഏറ്റുമുട്ടിയാണ് മുന്നണികൾ പ്രചാരണം നടത്തിയത്. എന്നാൽ കൊട്ടിക്കലാശ വേദിയിൽ കെ.എം മാണി സ്മരണ വോട്ടാക്കാനുള്ള ശ്രമത്തിലായിരുന്നു യുഡിഎഫ്. നിശബ്ദ പ്രചാരണത്തിലും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ഇത് തുടർന്നേക്കും. ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വിജയ സാധ്യത ചർച്ചയാക്കിയാണ് എൽഡിഎഫിന്റെ കുടുംബയോഗങ്ങൾ. പരമാവധി വോട്ടുകൾ സമാഹരിക്കാൻ എൻഡിഎ ക്യാമ്പും സജീവം. തിങ്കളാഴ്ച്ചയാണ് പാലായിലെ ജനവിധി. ഇരുപത്തിയേഴിന് ഫലമറിയാം.

You must be logged in to post a comment Login