പാളത്തില്‍ വിള്ളല്‍; ദുരന്തം ഒഴിവായത് 19 വയസുകാരന്റെ മുന്നറിയിപ്പ് മൂലം

പാളത്തില്‍ കണ്ടെത്തിയ വിള്ളല്‍

കൊച്ചി: പത്തൊന്‍പത് വയസുള്ള  തമിഴ്ബാലന്‍ പരമശിവത്തിന്റെ പരിശ്രമം മൂലം ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം.
ആലുവയ്ക്കടുത്ത് അമ്പാട്ട്മുക്കിലെ റെയില്‍വേ ട്രാക്കില്‍ അകല്‍ച്ച കണ്ട പരമശിവം തന്റെ ചുവന്ന ടീഷര്‍ട്ടും ഊരി ഒരുകിലോമീറ്ററോളം ഓടി.
റയില്‍വേ സ്റ്റാഫിനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് അനന്തര നടപടികള്‍ ഉണ്ടായത്. റയില്‍വേ ജീവനക്കാരും നാട്ടുകാരും പരമശിവത്തിന്റെ അലര്‍ച്ചയും ചുവന്ന ടീഷര്‍ട്ടുമായുള്ള ഓട്ടവും കണ്ടാണ് കാര്യം മനസിലാക്കിയത്.ഓടുന്നതിനിടയില്‍ കണ്ട റയില്‍വേ ലൈന്‍മാനെ വിവരം ധരിപ്പിച്ചു. ലൈന്‍മാന്‍ കളമശ്ശേരി ആലുവ റയില്‍വേ സ്റ്റേഷനുകളില്‍ വിവരം ധരിപ്പിക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടന്‍ തിരുവനന്തപുരം ജയന്തി എക്‌സ്പ്രസ് ആലുവ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. റയില്‍വേ മെയിന്റന്‌സ് വിഭാഗം പാഞ്ഞെത്തി ട്രാക്കിന്റെ പണികള്‍ പൂര്‍ത്തയാക്കി സാധാരണ നിലയിലാക്കി.പത്ത് കിലോമീറ്റര്‍ വേഗത്തില്‍ വണ്ടി ഓടിക്കാനും നിര്‍ദേശം നല്‍കി. വിവരം അറിയാതെ സ്പീഡില്‍  ഓടിവന്നിരുന്നെങ്കില്‍ വന്‍ അപകടം ഉറപ്പായിരുന്നുവെന്ന് റയില്‍വേ അധികൃതര്‍ വിശദീകരിച്ചു.രാവിലെ 9.30നാണ് ട്രാക്കില്‍ വിള്ളല്‍ കണ്ടത്. ഒരുമണിയോടെ ഇത് ശരിയാക്കി. പണി തടന്നുകൊണ്ടിരിക്കുമ്പോള്‍ തീവണ്ടി മന്ദഗതിയില്‍ കടത്തിവിടുകയാണ് ചെയ്തത്.
ഇതിനു മുമ്പും ഈ ഭാഗത്തെ ട്രാക്കില്‍ വിള്ളല്‍ ദൃശ്യമായിട്ടുണ്ട്. റയില്‍വേ ഇതേക്കുറിച്ച് അന്വേഷണ ഉത്തരവിട്ടിട്ടുണ്ട്.

You must be logged in to post a comment Login