പാഷന്‍ഫ്രൂട്ട് കൃഷി സജീവമാകുന്നു  

 

പുല്‍പ്പള്ളി: പാഷന്‍ഫ്രൂട്ടിന് വിപണിയില്‍ ആവശ്യക്കാരേറിയതോടെ പുല്‍പ്പള്ളി മേഖലയില്‍ പാഷന്‍ഫ്രൂട്ട് തനിവിളയായി കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു.
ഉല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പാഷന്‍ഫ്രൂട്ട് തൈകളാണ് കര്‍ഷകരേറെയും കൃഷി ചെയ്യുന്നത്. തൈ നട്ട് ഒരു വര്‍ഷത്തിനകം വിളവ് ലഭിക്കുന്നതിനാലും വിപണിയില്‍ പാഷന്‍ഫ്രൂട്ടിന് ആവശ്യക്കാരേറിയതുമാണ് കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിയാന്‍ കാരണമായത്. വിവിധ സംഘങ്ങളുടെയും നേതൃത്വത്തില്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. വിവിധ ഏജന്‍സികള്‍ ഗുണമേന്മയുള്ള തൈകള്‍ ഇറക്കി നല്‍കിയതാണ് കൂടുതല്‍ കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിയാന്‍ കാരണം. മുന്‍കാലങ്ങളില്‍ വീടുകളിലുണ്ടായിരുന്ന പാഷന്‍ഫ്രൂട്ടുകള്‍ ആവശ്യക്കാരില്ലാത്തതുമൂലം വെട്ടിക്കളഞ്ഞിരുന്ന കര്‍ഷകര്‍ പാഷന്‍ ഫ്രൂട്ടിന് ഉയര്‍ന്ന വില ലഭിക്കുമെന്നുറപ്പായതോടെ പോളി ഹൗസ് മാതൃകയിലാണ് കൃഷി ആരംഭിച്ചത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാഷന്‍ഫ്രൂട്ടുകള്‍ കൃഷിയിടത്തില്‍ നിന്ന് തന്നെ സംഭരിക്കാന്‍ ഏജന്‍സികള്‍ നേരിട്ട് എത്തുന്നതും കീടബാധയും മറ്റും ഇല്ലാത്തതുമാണ് ഈ കൃഷി ലാഭകരമാകാന്‍ കാരണം.
അഞ്ചോളം ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട തൈകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. ഔഷധഗുണമുള്ളതും രോഗപ്രതിരോധശേഷിക്ക് ഏറെ സഹായകരമാണ് പാഷന്‍ഫ്രൂട്ട് പഴങ്ങളെന്ന് കണ്ടെത്തിയതാണ് പാഷന്‍ഫ്രൂട്ടിന് വിപണിയില്‍ പ്രചാരമേറാന്‍ കാരണം.

You must be logged in to post a comment Login