പാസ്‌വേഡ് സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയ്ക്ക് ഗൂഗിള്‍ അംഗീകാരം

സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാര്‍ഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിള്‍ അക്കൗണ്ട് ലോഗിനിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്‍ ജയാറാമിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിള്‍ ലോഗിനിലെ പാസ്‌വേഡ് സുരക്ഷയാണ് അതുല്‍ കണ്ടെത്തിയത്. ഗൂഗിള്‍ അക്കൗണ്ടുകള്‍ സിംഗിള്‍ ക്യാരക്റ്റര്‍ പാസ്‌വേഡുകള്‍ ഉപയോഗിച്ചും ലോഗിന്‍ ചെയ്യാനാകുമെന്നത് വന്‍ സുരക്ഷാ വീഴ്ചയാണ്. നിലവില്‍ ലോഗിന്‍ പാസ്‌വേഡ് എട്ടു ക്യാരക്റ്ററുകളെങ്കിലും വേണമെന്നതാണ് ഗൂഗിള്‍ നിയമം.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഫെയിം അംഗീകാരം നല്‍കുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകള്‍ കണ്ടെത്തി ഈ അംഗീകാരം നേടാന്‍ ലക്ഷക്കണക്കിന് ടെക്കികളാണ് ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് അതുലും ഇടം നേടിയിരിക്കുന്നത്.

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. ഈ ലിസ്റ്റില്‍ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerabiltiy Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.

തെറ്റു കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ പ്രതിഫലവും നല്‍കുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നല്‍കുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. 83 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ അതുലിന്റെ സ്ഥാനം 26-ാം പേജിലാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നല്‍കും മുന്‍പെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗൂഗിളിന്റെ രീതി.

നോയിഡ അമിറ്റി സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ഥിയാണ് അതുല്‍. ബിടെകിനൊപ്പം എംബിഎയും പഠിക്കുന്ന അതുലിന് നേരത്തെ തന്നെ എത്തിക്കല്‍ ഹാക്കിംങ് മേഖലയില്‍ താല്‍പര്യമുണ്ടായിരുന്നു. 2013 ല്‍ ഡല്‍ഹിയില്‍ വെച്ചാണ് എത്തിക്കല്‍ ഹാക്കിംങ് പഠിക്കുന്നത്. പിന്നീട് എത്തിക്കല്‍ ഹാക്കിങ്ങിനെ കുറിച്ച് നിരവധി വിവരങ്ങള്‍ സ്വന്തമാക്കി. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയായ അതുല്‍ PHP, ASP, ASPX, C++, C, Java, Javascript തുടങ്ങി ഒട്ടുമിക്ക കംപ്യൂട്ടര്‍ ഭാഷകളും ഇതിനകം തന്നെ പഠിച്ചിട്ടുണ്ട്.

കൊല്ലം ദിവ്യ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഡോ. ആനന്ദ ജയറാമും കൊല്ലം സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്യുന്നു അമ്മ ഡോ. ലേഖ സദാനന്ദനും സഹോദരി ഡോ. ലിജിന ജയറാമും അതുലിന് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുന്നു. പഠനം പൂര്‍ത്തിയാക്കി നല്ലൊരു കമ്പനിയില്‍ ജോലി ചെയ്യണമെന്നതാണ് അതുലിന്റെ സ്വപ്നം. ഇതോടൊപ്പം എത്തിക്കല്‍ ഹാക്കിംങ് മേഖലയില്‍ തുടരാനും അതുലിന് ആഗ്രഹമുണ്ട്.

You must be logged in to post a comment Login