പാസ് ബുക്ക് വഴിമാറുന്നു; ബാങ്ക് ഇടപാടുകള്‍ക്ക് ഇനി ഫെഡ്ബുക്ക്

കൊച്ചി: പരമ്പരാഗത ബാങ്ക് പാസ് ബുക്കിന്റെ ഇലക്‌ട്രോണിക് പതിപ്പായ ‘ഫെഡ്ബുക്ക്’ പുറത്തിറക്കി. ബാങ്കിങ്ങ് വ്യവസായ രംഗത്ത് ഇദം പ്രഥമമായാണ് ഉപഭോക്തൃ കേന്ദ്രീകൃതമായ ഇത്തരം നീക്കം നടത്തുന്നത്. ഉപഭോക്താക്കള്‍ സ്മാര്‍ട്ട് ഡിവൈസുകളില്‍ ഈ ആപ്‌ളിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ എ.സുരേന്ദ്രനും, ഐടി തലവന്‍ കെ.പി.സണ്ണിയും പറഞ്ഞു. ഉപഭോക്തൃ സൗഹാര്‍ദമായ ഒട്ടനവധി സവിശേഷതകളുമായാണ് ഫെഡ്ബുക്ക് എത്തുന്നത്. പ്രത്യേക ഇടപാടുകള്‍ തെരഞ്ഞെടുക്കാനും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തപ്പോഴും ഇടപാടു വിവരങ്ങള്‍ വീക്ഷിക്കാനുമാവും. എത്ര കാലത്തേക്കുള്ള ഇടപാടുകളാണ് ആവശ്യമുള്ളതെന്നതും ഇതില്‍ ക്രമീകരിക്കാനാവും. ബാങ്ക് അക്കൗണ്ടുമായി ഫെഡ്ബുക്ക് ഓട്ടോമാറ്റിക് ആയി ബന്ധിപ്പിക്കും. ഇത് ചെയ്യേണ്ട ഇടവേളകളും ഉപഭോക്താക്കള്‍ക്ക് നിശ്ചയിക്കാം. പാസ്ബുക്ക് പുതുക്കാനായി ഫോണ്‍ ചെയ്യുകയോ ബാങ്കിലെത്തി ക്യൂ നില്‍ക്കുകയോ എല്ലാം ചെയ്യേണ്ട അവസ്ഥയാണ് ഇതിലൂടെ ഇല്ലാതാകുന്നത്. എസ്എംഎസ് അലര്‍ട്ടുകള്‍ക്കായി കാത്തിരിക്കേണ്ട സ്ഥിതിയും ഇതിലൂടെ ഇല്ലാതാകും.

 


ലളിതമായ രജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ ലഭ്യമാകുന്ന ഫെഡ്ബുക്ക് തങ്ങളുടെ  മൊബൈലിലോ ടാബിലോകൊണ്ട് നടക്കാനാവും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാട് വിവരങ്ങള്‍ ഓണ്‍ ലൈനായും ഓഫ് ലൈനായും എല്ലാദിവസവും മുഴുവന്‍ സമയവും കാണാനാകും.
നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലാണ് ഫെഡ്ബുക്ക് ലഭ്യമാകുക. മറ്റു മൊബൈല്‍ പ്ലാറ്റ് ഫോമുകളില്‍ ഇത് ഉടന്‍ തന്നെ ലഭ്യമാക്കും. ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ളതും സുരക്ഷിതമായും റിയല്‍ ടൈം അടിസ്ഥാനങ്ങളില്‍ ഇടപാടുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതുമായ ഇത് ബാങ്ക് പ്രവര്‍ത്തന സമയങ്ങളുടേയോ ബാങ്ക് അവധി ദിവസങ്ങളുടേയോ നിയന്ത്രണങ്ങളിലാതെ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കും.
സാങ്കേതികവിദ്യയുടെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഭോക്തൃ കേന്ദ്രീകൃതമായ നവീന സേവനങ്ങള്‍ ലഭ്യമാക്കുന്നതിലാണ് ഫെഡറല്‍ ബാങ്ക് എന്നും വിശ്വസിച്ചു പോരുന്നതെന്ന് ഫെഡ്ബുക്ക് പുറത്തിറക്കുന്ന വേളയില്‍ ജനറല്‍ മാനേജറും റീട്ടെയില്‍ ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം മേധവിയുമായ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഫെഡ്ബുക്കിന്റെ വരവോടെ ബാങ്കിങ് കയ്യിലൊതുങ്ങുന്നതായിരിക്കുന്നു എന്നും മൊബൈല്‍ അധിഷ്ഠിത ബാങ്കിങ് സൊലൂഷനുകള്‍ക്കു പുതിയൊരു മാനം കൈവന്നിരിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ബാങ്കിന്റെ നിലവിലുള്ള ഉല്‍പ്പനങ്ങളുടെയും നിരയ്ക്ക് പ്രോല്‍സാഹനമായി ഇതു നില്‍ക്കുമെന്നും അദേഹം പറഞ്ഞു.
റിസര്‍വ്വ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ചെറിയ ബാങ്കുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ മികച്ച ഐടി ടീമിനുള്ള പുരസ്‌ക്കാരം 2013 ആഗസ്റ്റില്‍ ഫെഡറല്‍ ബാങ്കിനു ലഭിച്ചിരുന്നു. ചെറിയ ബാങ്കുകള്‍ക്കിടയിലെ മികച്ച മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുള്ള പുരസ്‌ക്കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബാങ്കിനു ലഭിച്ചിരുന്നു.
രൂപയുടെ മൂല്യം ഇടിഞ്ഞ കാലയളവില്‍ 75000 കോടി രൂപ വിദേശങ്ങളില്‍ നിന്ന് ഇവിടെ എത്തിയിട്ടുണ്ടെന്നവര്‍ പറഞ്ഞു. പണത്തിന്റെ വില ഇടിയുന്നതിന് മുമ്പ് ശരാശരി ഒരുദിവസം 100 കോടി രൂപ കേരളത്തില്‍ വിവിധ ബാങ്കുകളില്‍ വന്നിരുന്നെങ്കില്‍ ഇപ്പോളിത് 150 കോടിയായിട്ടുണ്ട്.

You must be logged in to post a comment Login