പിഎസ്എല്‍വി സി 23 വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ-ഇന്ത്യയുടെ തദേശിയ വിക്ഷേപണവാഹനമായ പിഎസ്എല്‍വി – സി.23യുടെ വിക്ഷേപണം വിജയകരം. വിക്ഷേപണത്തിന്റെ അഞ്ചുഘട്ടങ്ങളും പൂര്‍ത്തിയാക്കി അഞ്ചു വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു.

ഫ്രാന്‍സിന്റെ സ്‌പോട്ട് – 7, കാനഡയുടെ കാന്‍ എക്‌സ്- 4, കാന്‍ എക്‌സ്- 5, ജര്‍മനിയുടെ എയ്‌സാറ്റ്, സിംഗപ്പൂരിന്റെ വെലോക്‌സ്- 1 എന്നീ ഉപഗ്രഹങ്ങളെയാണ് നിശ്ചിത സമയത്തിനുള്ളില്‍ ഭ്രമണപഥത്തിലെത്തിച്ചത്.

രാവിലെ 9.52ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ കുതിപ്പ് നേരില്‍ കാണുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് പരിശ്രമിച്ച എല്ലാവരെയും പ്രധാനമന്ത്രിയുടെ അഭിനന്ദിച്ചു. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന നിമിഷമാണിതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന് ഇംഗ്ലീഷ് സിനിമ ‘ഗ്രാവിറ്റിയേക്കാള്‍ ചിലവ് കുറവാണെന്നും മോദി പറഞ്ഞു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പാര്‍ലമെന്റികാര്യ മന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് എന്നിവരും വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുന്നതിന് എത്തിയിരുന്നു.

കൃത്യമായ കാലവസ്ഥ പ്രവചനമാണ് വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം. സമുദ്ര പഠനം, ഭൗമ നിരീക്ഷണം എന്നിവയും ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നതോടെ കൂടുതല്‍ കാര്യക്ഷമമാകും. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനും വിദേശ ഏജന്‍സികളും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് വിക്ഷേപണം. ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് വന്‍തോതില്‍ വിദേശ നാണ്യം ലഭിക്കാനും ഇത് വഴിയൊരുക്കും.

You must be logged in to post a comment Login