പിണറായി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി; ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് പിണറായി

Pinarayi-Vijayan

തിരുവനന്തപുരം: ഉപദേശങ്ങളും നിര്‍ദേശങ്ങളും എവിടെനിന്നും സ്വീകരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായിയോടൊപ്പമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് പിണറായി പറഞ്ഞു.

രാവിലെ വിഎസിനെ കാണാനാണ് പിണറായി ആദ്യം പോയത്. വിഎസിന്റെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

കന്റോണ്‍മെന്റ് ഹൗസില്‍നിന്നും പിണറായി നേരെ പോയത് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലേക്കാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായിയെ സ്വീകരിച്ചു. തുടര്‍ന്ന് നേതാക്കളുമായി ഏതാനും മിനിറ്റുകള്‍ നീണ്ട സൗഹൃദ സംഭാഷണത്തിനുശേഷം ഉമ്മന്‍ ചാണ്ടിയുടെ വസതിയിലേക്ക് പോയി. ഉമ്മന്‍ ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് ക്ഷണിച്ച പിണറായി പിന്നീട് എകെജി സെന്ററിലേക്ക് മടങ്ങി.
ഒ.രാജഗോപാല്‍ പിണറായിയെ സന്ദര്‍ശിച്ചു

ബിജെപി നേതാവ് ഒ.രാജഗോപാല്‍ എകെജി സെന്ററിലെത്തി പിണറായി വിജയനെ കണ്ടു. നിയുക്ത എംഎല്‍എ നിയുക്തമുഖ്യമന്ത്രിയെ കാണാന്‍ എത്തിയതാണെന്ന് രാജഗോപാല്‍ പറഞ്ഞു. നാട്ടില്‍ സമാധാനത്തിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും മറികടന്ന് നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചത് 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.

You must be logged in to post a comment Login