പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിർപ്പ് അറിയിച്ചു

രണ്ടാം വട്ടം പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിർപ്പ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയെ കണ്ടത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകുന്നത്തിനോട് യോജിപ്പില്ലെന്ന് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി രേഖമൂലം കത്ത് നൽകി. കേരളത്തിന്റെ പ്രളയ പുനർനിർമാണത്തിനായി കൂടുതൽ കേന്ദ്ര സഹായം വേണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

കേരളത്തിന്റെ ദേശീയ പാത വികസനത്തിനു വേഗത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനം ആവശ്യപ്പെട്ടു. ഗഡ്ഗരിയുടെ വസതിയിൽ വെച്ചായിരുന്നു കൂടികാഴ്ച.

You must be logged in to post a comment Login