പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗത്തിന്റെ മുഖപ്രസംഗം; ദേശദ്രോഹക്കുറ്റം ചുമത്തുന്നത് സംഘപരിവാര്‍ ഭരണത്തിന് മാത്രം യോജിച്ച നടപടി

കൊച്ചി: പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗം. സോഷ്യല്‍ മീഡിയയില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ച് കമല്‍ സി ചവറയെ കസ്റ്റഡിയില്‍ എടുത്തതിലും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെ കസ്റ്റഡിയില്‍ എടുത്തതിനും എതിരെയാണ് ജനയുഗത്തിന്റെ വിമര്‍ശനം. കേരളത്തില്‍ സംഭവിച്ചുകൂടാത്തത് എന്ന പേരിലാണ് ലേഖനം.

കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ദേശദ്രോഹക്കുറ്റം ചുമത്തുന്നത് സംഘപരിവാര്‍ ഭരണത്തിന് മാത്രം യോജിച്ച നടപടിയാണെന്നും ജനയുഗത്തില്‍ വിമര്‍ശനമുന്നയിക്കുന്നു. നേരത്തെ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് കൊലപ്പെടുത്തിയ നടപടിയിലും സിപിഐഎമ്മിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുളളവര്‍ രംഗത്തുവന്നിരുന്നു. അന്നും സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ജനയുഗത്തില്‍ മുഖപ്രസംഗവും പ്രത്യക്ഷപ്പെട്ടിരുന്നു.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നുവെന്നത് ദുഃഖകരമാണ്. കസ്റ്റഡിയില്‍ പീഡനമുണ്ടായെന്ന ചില വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അന്വേഷണം പോലും നടത്തുന്നതിന് മുമ്പ് യുഎപിഎ പോലുള്ള കുറ്റം ചുമത്തുക എന്ന നിയമവിരുദ്ധ നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞില്ലെന്നു പറഞ്ഞ് വിട്ടയക്കുകയും ചെയ്യുന്നത് കേരളം പോലൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കേരളത്തിന്റെ രാഷ്ട്രീയ ധാര്‍മികതയ്ക്ക് വിരുദ്ധമായി ചില പൊലീസുകാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്ന നടപടികള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതുതന്നെയാണെന്ന് വ്യക്തമാക്കിയാണ് ജനയുഗത്തിന്റെ മുഖപ്രസംഗം അവസാനിക്കുന്നത്.

ജനയുഗം മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നുവെന്നത് ദുഃഖകരമാണ്. കസ്റ്റഡിയില്‍ പീഡനമുണ്ടായെന്ന ചില വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ചയാണ് നദീര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേശദ്രോഹ കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്ക് ഭക്ഷണം വാങ്ങുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു നദീറിനെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം അന്വേഷണം നടത്തുകയും തെളിവില്ലെന്നു കണ്ട് വിട്ടയക്കുകയും ചെയ്തുവെന്നാണ് വിശദീകരണം.

യുവാവിനെ വിട്ടയച്ചുവെങ്കിലും ഈ നടപടിയിലെ നിയമവിരുദ്ധത ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അന്വേഷണം പോലും നടത്തുന്നതിന് മുമ്പ് യുഎപിഎ പോലുള്ള കുറ്റം ചുമത്തുക എന്ന നിയമവിരുദ്ധ നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞില്ലെന്നു പറഞ്ഞ് വിട്ടയക്കുകയും ചെയ്യുന്നത് കേരളം പോലൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ്.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരിലായിരുന്നു കമല്‍ സി ചവറയെ കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. എല്ലാ തിയേറ്ററുകളിലും സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്നും കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രിം കോടതി വിധി കഴിഞ്ഞ ദിവസം ഉണ്ടായിട്ടുണ്ട്. പ്രസ്തുത വിധി പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് എഴുത്തുകാരനെ കസ്റ്റഡിയിലെടുക്കുന്നത് ഗൗരവതരമായ വിഷയമായി മാറുന്നത്.
സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പരാമര്‍ശത്തിന് നല്‍കുന്ന പരാതിയിലെല്ലാം വേണ്ടത്ര പരിശോധനയോ അന്വേഷണമോ നടത്താതെ ദേശദ്രോഹക്കുറ്റം ചുമത്തുക എന്നത് ആശാസ്യകരമല്ല. അത് സംഘപരിവാര്‍ ഭരണത്തിനുമാത്രം യോജിച്ചതാണ്.

ദേശദ്രോഹ കുറ്റവും യുഎപിഎയുമൊക്കെ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇപ്പോഴും വഴിമരുന്നിടുന്ന വിഷയമാണ്. അതിന് കാരണം ഈ രണ്ടു നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതുകൊണ്ടു തന്നെയാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും നിയമം ഉപയോഗിക്കപ്പെടുന്നതിനെതിരെ നേരത്തേയും ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമുണ്ടാക്കുകയും പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണതകളെയും അതിനായുള്ള പ്രവര്‍ത്തനങ്ങളെയും തടയുന്നതിനാണ് യുഎപിഎ നിയമം ഉണ്ടായത്. 1969 ലുണ്ടായ നിയമത്തില്‍ അഞ്ചു തവണയെങ്കിലും ഭേദഗതികളുണ്ടായിട്ടുണ്ട്. പ്രധാന ഉദ്ദേശ്യത്തെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യം വച്ചുകൊണ്ടായിരുന്നു പ്രസ്തുത നിയമ ഭേദഗതികള്‍ വരുത്തിയത്. എന്നാല്‍ പല സര്‍ക്കാരുകളും അതിന്റെ യഥാര്‍ഥ ഉദ്ദേശ്യത്തിന് പകരം എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന നിയമമായി ഇതിനെ ദുരുപയോഗിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.

ഇപ്പോഴത്തെ സംഭവത്തില്‍ പൊലീസ് നടപടിയെയും അതുവഴി എല്‍ഡിഎഫ് സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ രംഗത്തെത്തിയിരിക്കുന്ന രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായപ്പോള്‍ രാഷ്ട്രീയ കേസുകളില്‍ പോലും യുഎപിഎ ചുമത്തിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരെയും അക്കാലത്ത് യുഎപിഎ ചുമത്തുകയുണ്ടായി. നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തെ ന്യായീകരിച്ചയാളുമാണ് ചെന്നിത്തല.
കുമ്മനത്തിനും ഇതേ കുറിച്ച് പറയാന്‍ ധാര്‍മികാവകാശമില്ല. കാരണം ബിജെപിക്കെതിരെ നിലകൊണ്ടാല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുകയും ആളുകളെ ഉന്മൂലനം വരുത്തുകയും ചെയ്യുന്ന അസഹിഷ്ണുതയുടെ ആള്‍രൂപമായാണ് ബിജെപി രാജ്യത്താകെ പ്രവര്‍ത്തിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ജനകീയ പക്ഷത്തു നിന്ന് ശക്തമായ നിലപാടെടുത്തവരാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.
എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കേരളത്തിന് അത്ര പരിചിതമല്ലാത്ത ചില നടപടികളെങ്കിലും കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചപ്പോള്‍ ഉണ്ടായ സംവാദത്തിന്റെ യഥാര്‍ഥ അര്‍ഥം മനസിലാകാത്തവര്‍ പൊലീസ് സേനയിലും അധികാര കേന്ദ്രങ്ങളിലും ഇപ്പോഴുമുണ്ടെന്നാണ് പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
മരിച്ച മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് താമസമൊരുക്കിയതിന് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും ഇപ്പോള്‍ കമല്‍ സി ചവറയും നദീറുമൊക്കെ നേരിടേണ്ടി വന്ന അനുഭവങ്ങളും അങ്ങനെ ചിന്തിപ്പിക്കാനാണ് പ്രേരിപ്പിക്കുന്നത്. കോഴിക്കോട്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നത് പ്രത്യേക പരിശോധന ആവശ്യപ്പെടുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ തടഞ്ഞ് പൊലീസിന്റെ മാനം കെടുത്തിയ സംഭവവും കോഴിക്കോട്ടാണുണ്ടായത്. കേരളത്തിന്റെ രാഷ്ട്രീയ ധാര്‍മികതയ്ക്ക് വിരുദ്ധമായി ചില പൊലീസുകാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്ന നടപടികള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതുതന്നെയാണ്.

You must be logged in to post a comment Login