പിനിന്‍ഫരിന സ്വന്തമാക്കാനുള്ള ശ്രമം തുടരാന്‍ മഹീന്ദ്ര

mahindra_logo_505_101712020214ന്യൂഡല്‍ഹി: സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും പ്രശസ്ത ഇറ്റാലിയന്‍ ഓട്ടോ ഡിസൈന്‍, എന്‍ജിനീറിങ് കമ്പനിയായ പിനിന്‍ഫരിന എസ് പി എയെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നീക്കം തുടരുമെന്നു റിപ്പോര്‍ട്ടുകള്‍. പിനിന്‍ഫാരിനയിലെ പ്രധാന നിക്ഷേപകനും കമ്പനിക്കു വായ്പ നല്‍കിയ ചില ബാങ്കുകളുമാണത്രെ കൈമാറ്റം വിജയിപ്പിക്കാനുള്ള ശ്രമത്തിനു പിന്നില്‍.
ജൂലൈ അവസാനിക്കുംമുമ്പ് ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച പ്രാഥമിക ധാരണയെങ്കിലും തയാറാക്കാനുള്ള ശ്രമങ്ങളാണു പുരോഗമിക്കുന്നത്. ഏപ്രില്‍ 29നു ചേര്‍ന്ന് ഓഹരി ഉടമകളുടെ യോഗത്തിനു മുമ്പ് ഉടമസ്ഥാവകാശ കൈമാറ്റ കാര്യത്തില്‍ മഹീന്ദ്രയുമായി ധാരണയിലെത്താന്‍ പിനിന്‍ഫരിന നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.
പുതിയ നീക്കങ്ങളെപ്പറ്റി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയോ പിനിന്‍ഫരിനയോ പ്രതികരിച്ചിട്ടില്ല. പിനിന്‍ഫരിനയ്ക്കു വായ്പ നല്‍കിയ ബാങ്കുകളില്‍ പ്രമുഖരായ യൂണി ക്രെഡിറ്റും ഇന്റെസ സാന്‍പോളോയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതിനിടെ പുതിയ ഉടമകളെ കണ്ടെത്താന്‍ പിനിന്‍ഫരിനയ്ക്ക് അധികം സമയം അവശേഷിക്കുന്നില്ല എന്നതാണു കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ പാദത്തിലെ പ്രവര്‍ത്തന നഷ്ടം മുന്‍വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് ഇരട്ടിയോളമായി ഉയര്‍ന്നു. വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ നിര്‍ണയിച്ചു നല്‍കിയ വരുമാനം സ്വന്തമാക്കാന്‍ വഴി കാണുന്നില്ലെന്നു കഴിഞ്ഞ മേയില്‍ തന്നെ പിനിന്‍ഫരിന വ്യക്തമാക്കിയിരുന്നു.
വരുമാനലക്ഷ്യം കൈവരിക്കാതെ വരുന്നതോടെ വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കുകള്‍ പിനിന്‍ഫരിനയില്‍ സമ്മര്‍ദം ചെലുത്താനും സാധ്യതയേറെയാണ്; 10.2 കോടി യൂറോ(ഏകദേശം 718 കോടി രൂപ)യാണു കമ്പനിയുടെ കടബാധ്യത. അതേസമയം കമ്പനി പൂട്ടിക്കാതെ പ്രവര്‍ത്തനം തുടര്‍ന്നു പോകാനുള്ള മാര്‍ഗങ്ങള്‍ക്കാവും ബാങ്കുകള്‍ മുന്‍ഗണന നല്‍കുകയെന്നു കരുതുന്നവരുമേറെയുണ്ട്.

You must be logged in to post a comment Login