പിറന്നാള്‍ ഓര്‍മ്മയില്‍ അഭിനയ ചക്രവര്‍ത്തി

മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിക്ക് ഇന്ന് പിറന്നാള്‍. കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കുമറിയാം മോഹന്‍ലാല്‍ ആരാണെന്ന്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. 1960 മെയ് 21ന് പത്തനംതിട്ട ജില്ലയിലെ എലന്തൂരില്‍ വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായാണ് മോഹന്‍ലാലിന്റെ ജനനം. 1980ല്‍ പുറത്തിറങ്ങിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ല്‍ നരേന്ദ്രന്‍ എന്ന പ്രതിനായക കഥാപാത്രമായി വെള്ളിത്തിരയില്‍ എത്തിയ ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. 35 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍ എന്ന താരം.


ദേശീയ തലത്തില്‍ രണ്ടു തവണ മികച്ച നടനുള്ള പുരസ്ക്കാരവും (ഭരതം, വാനപ്രസ്ഥം) ഒരു തവണ പ്രത്യേക ജൂറി പുരസ്ക്കാരവും (കിരീടം) മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. 1999ലെ മികച്ച ചിത്രമായ ‘വാനപ്രസ്ഥ’ത്തിന്റെ നിര്‍മാതാവ് എന്ന നിലയിലും മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴു തവണയാണ് ഈ പ്രതിഭയെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തേടിയെത്തിയത്. 2001ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.

You must be logged in to post a comment Login