പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട് ദിലീപ്; ഈ സിനിമ ഫെമിനിച്ചികള്‍ക്കുള്ള മറുപടിയാണോ എന്ന് ആരാധകര്‍

കൊച്ചി: ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് സിനിമയുടെ പേര്. അഭിഭാഷകന്റെ റോളില്‍ ദിലീപ് എത്തുന്നു എന്ന പ്രത്യേകതയും കോടതി സമക്ഷം ബാലന്‍ വക്കീലിനുണ്ട്.

നേരത്തെ, പാസഞ്ചര്‍ എന്ന ചിത്രത്തിലും അഭിഭാഷക വേഷം താരം അവതരിപ്പിച്ചിരുന്നു. വില്ലന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപുമായി ഉണ്ണികൃഷ്ണന്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ലുക്ക് അല്ലാതെ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നേരത്തെ, ഫെഫ്കയുടെ അധികാര സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്ത ദിലീപിനെ നായകനാക്കി ചിത്രമെടുക്കുന്നതിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. ഡബ്ല്യുസിസി അംഗങ്ങള്‍ ഇതിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login