പിറന്നാള്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി മോദി നര്‍മദ ഡാം രാഷ്ട്രത്തിന് സമര്‍പ്പിക്കും

അഹമ്മദാബാദ്: നര്‍മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. പരമാവധിശേഷിയായ 138 മീറ്ററിലേക്ക് ജലസംഭരണനിരപ്പ് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം നര്‍മദാപൂജയോടെയാണ് മോദി നിര്‍വഹിക്കുക. 1961 ഏപ്രില്‍ അഞ്ചിന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കല്ലിട്ട പദ്ധതി 56 വര്‍ഷത്തിന് ശേഷമാണ് പൂര്‍ത്തിയായത്.

ശനിയാഴ്ച രാത്രി അഹമ്മദാബാദിലെത്തിയ മോദി ഇന്ന് രാവിലെ മാതാവ് ഹിരാബയെ സന്ദര്‍ശിച്ച ശേഷമാണ് ഉദ്ഘാടനചടങ്ങിനെത്തുക. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസവുമാണ് സെപ്റ്റംബര്‍ 17.

അതേസമയം മധ്യപ്രദേശിലെ ബര്‍വാനിയിലെ ഛോട്ടാ ബര്‍ദാ ഗ്രാമത്തില്‍ മേധാ പട്കറിന്റെ നേതൃത്വത്തില്‍ ജലസത്യാഗ്രഹസമരവും വെള്ളിയാഴ്ച തുടങ്ങിയിരുന്നു. അണക്കെട്ടിലെ വെള്ളം പൊങ്ങിയതിനാല്‍ മുങ്ങുന്ന 192 ഗ്രാമങ്ങളിലൊന്നാണ് ഇത്. പുനരധിവാസം പൂര്‍ത്തീകരിക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടിയെന്നാണ് ആരോപണം. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലായി 18 ലക്ഷം ഹെക്ടറില്‍ ജലസേചനസൗകര്യം കിട്ടുമെന്നതിനാല്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. മോദി പ്രധാനമന്ത്രിയായ ശേഷമാണ് നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും സംഭരണശേഷി ഉയര്‍ത്താന്‍ അനുമതി ലഭിച്ചത്.

അമേരിക്കയിലെ ഗ്രാന്‍ഡ് കൂളി ഡാം കഴിഞ്ഞാല്‍ വലുതും ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവുകൊണ്ട് ഒന്നാമതും എത്തുന്നത്ര ബൃഹത്താണ് ഇതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ നിര്‍മിക്കുന്നതും ഈ സംഭരണിക്ക് അകത്താണ്.സര്‍ദാര്‍ വല്ലഭ ഭായി പട്ടേലിന്റേതാണ് പ്രതിമ. പ്രചാരണാര്‍ഥം സംസ്ഥാനമാകെ പര്യടനം നടത്തുകയായിരുന്ന നര്‍മദാവിഗ്രഹജാഥകള്‍ ഇന്ന് സമ്മേളനസ്ഥലത്ത് സംഗമിക്കും.

അണക്കെട്ടിന്റെ പേരില്‍ ബി.ജെ.പി. നുണ പ്രചരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കൃഷിസ്ഥലങ്ങളിലേക്കുള്ള 43,000 കിലോമീറ്റര്‍ കനാലുകളില്‍ 18000 മാത്രമേ പൂര്‍ത്തിയായുള്ളു എന്നിരിക്കെ പത്തുലക്ഷം ഹെക്ടറിലും വെള്ളമെത്തില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വ്യവസായങ്ങള്‍ക്കായി വെള്ളം വന്‍തോതില്‍ മറിച്ചുനല്‍കുന്നുവെന്നും ആരോപിച്ചു.

You must be logged in to post a comment Login