പിറവത്ത് ജോസ് കെ മാണിയെ കൂക്കിവിളിച്ച് യൂത്ത് കോൺഗ്രസുകാർ

 
പിറവത്ത് യുഡിഎഫ് കണ്‍വന്‍ഷനില്‍ കേരള കോൺഗ്രസ് എം  ജോസ് കെ മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജോസ് കെ മാണിയെ തടഞ്ഞുവയ്ക്കാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രസംഗം കൂവി അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഹാള്‍വിട്ട് പുറത്തേക്ക് പോയി. തുടര്‍ന്ന് പ്രസംഗം കഴിഞ്ഞ് മടങ്ങുവാന്‍ തുടങ്ങിയ ജോസ് കെ മാണിയെ പ്രവര്‍ത്തകര്‍ കളിയാക്കുകയും കൂവുകയും ചെയ്തു. പിന്നാലെ ഇവരുടെ അടുത്തേക്കെത്തിയ ജോസ് കെ മാണിയെ പ്രവര്‍ത്തകര്‍ വീണ്ടും കളിയാക്കി

പിറവത്തെ മറന്ന് നടന്ന ഇയാള്‍ എന്ത് വികസനമാണ് ഇവിടെ ചെയ്തതെന്നും അവര്‍ ചോദിച്ചു. ഇതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയും ജോസ് കെ മാണിയെ വാഹനത്തില്‍ കയറ്റി അയക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്. ഈ സമയം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ഹാളില്‍ പ്രസംഗിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് വേദിവിട്ട ചാഴിക്കാടന് മുദ്രാവാക്യം വിളിച്ചവര്‍ ജോസ് കെ മണിക്ക് മൂര്‍ധാബാദും വിളിച്ചു.മാണി ഗ്രുപ്പിന് കോട്ടയം സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച നഗരസഭ കൗണ്‍സിലറും യുത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റും ഉള്‍പ്പടെയുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ജോസ് കെ മാണിയോടുള്ള പ്രതിഷേധമറിയിക്കുക മാത്രമാണ് ചെയ്തതെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രതിഷേധമുയര്‍ത്തിയവര്‍ പറഞ്ഞു.

You must be logged in to post a comment Login