പിസി ജോര്‍ജിന്റെ പൂഞ്ഞാറില്‍ സുരേന്ദ്രന്‍ മൂന്നാമത്, വീണയുടെ ആറന്മുളയില്‍ ആന്റോയുടെ മുന്നേറ്റം

pathanamthitta

പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ട മണ്ഡലത്തില്‍ യുഡിഎഫിലെ ആന്റോ ആന്റണി മുന്നില്‍. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ പതിനായിരം വോട്ടിനാണ് ആന്റോ ആന്റണി മുന്നില്‍ നില്‍ക്കുന്നത്.

യുഡിഎഫ് ആധിപത്യം പുലര്‍ത്തുന്ന പത്തനംതിട്ടയില്‍ രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജും എന്‍ഡിഎയുടെ കെ സുരേന്ദ്രനും ലീഡ് നിലയില്‍ മാറിമറിഞ്ഞ് രണ്ടാമത് എത്തുന്നുണ്ട്.

ആറന്മുള എംഎല്‍എ കൂടിയായ വീണാ ജോര്‍ജിന്റെ സ്വന്തം മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റമാണ് ആന്റോ ആന്റണി കാഴ്ച വച്ചത്. പത്തു ശതാനത്തോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആറന്മുളയില്‍ 6561 വോട്ടാണ് വീണയ്ക്കു ലഭിച്ചത്. ആന്റോ ആന്റണി 6339 വോട്ടു നേടി. സുരേന്ദ്രന് 5494 വോട്ടാണ് ഇവിടെ നേടിയത്.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എന്‍ഡിഎ സഖ്യത്തില്‍ എത്തിയ പിസി ജോര്‍ജിന്റെ പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മൂന്നാമതാണ്. 2217 വോട്ടു മാത്രമാണ് ഇവിടെ ഇതുവരെ സുരേന്ദ്രനു നേടാനായത്. ആന്റോ ആന്റണി പൂഞ്ഞാറില്‍ 12048 വോട്ടു നേടിയപ്പോള്‍ വീണ 7774 വോട്ടു നേടിയിട്ടുണ്ട്.

You must be logged in to post a comment Login