പി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ‘കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസിനെ എന്ത് ചെയ്യണമെന്ന് അറിയാം’

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പരാതിക്കാരില്ലാത്ത കേസില്‍ പോലീസ് എന്തിനിടപെട്ടുവെന്ന് ചോദിച്ച കോടതി പരാതിക്കാരന്റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പോലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നതെന്നും നിരീക്ഷിച്ചു.

കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കില്‍ നടപടിയുണ്ടാകും. കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

കൃഷ്ണദാസ് ഇന്ന് രാവിലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അതിനിടെ ഉച്ചയോടെ പോലീസ് കൃഷ്ണദാസിനേയും മറ്റ് നാലു പേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയ്‌ക്കെടുത്തപ്പോളാണ് കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.

കൃഷ്ണദാസിനെതിരെ വിദ്യാര്‍ഥി കൊടുത്ത പരാതിയില്‍ ഇല്ലാത്ത വകുപ്പുകള്‍ പോലീസ് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. വിദ്യാര്‍ഥിയുടെ രഹസ്യമൊഴിയിലും തട്ടിക്കൊണ്ടു പോകലും പണാപഹരണവും സംബന്ധിച്ച വകുപ്പുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തെറ്റായ നടപടിക്രമങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെങ്കില്‍ അതിന് ശ്രമിച്ച ഉദ്യോഗസ്ഥന്‍ വകുപ്പിലുണ്ടായിരിക്കില്ലെന്നും അത് ഈ കേസില്‍ മാത്രമല്ല സമാനമായ എല്ലാ കേസിലും ബാധകമായിരിക്കുമെന്നും കോടതി പറഞ്ഞു.

ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് പൊലീസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഔ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്. ലക്കിടിയിലെ നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതിയന്‍ മേലാണ് പൊലീസ് നടപടി. തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു സഹീറിന്റെ പരാതി. തൃശൂര്‍ പഴയന്നൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കോളേജില്‍ ബില്ല് നല്‍കാതെയുള്ള അനധികൃത പണപ്പിരിവും വെല്‍ഫെയര്‍ ഓഫീസര്‍മാരെ സംബന്ധിച്ചും സഹീര്‍ സുതാര്യകേരളം സ്റ്റുഡന്റ് ഗ്രീവന്‍സ് സെല്ലിലേക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് ചെയര്‍മാന്റെയും പിആര്‍ഒ സഞ്ജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

You must be logged in to post a comment Login