പി.കെ ശശിക്കെതിരായ പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഐഎം; പരാതിക്കാരിയേയും എംഎല്‍എയേയും വിളിച്ചുവരുത്തി വിശദീകരണം തേടി

 


തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ സിപിഐഎം നടപടി ഉറപ്പായി. ശശിക്കെതിരായ പീഡനാരോപണത്തില്‍ നേരത്തെ ഇടപെട്ടെന്ന അവകാശവാദമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്. ഓഗസ്റ്റ് 14 നാണ് പെണ്‍കുട്ടിയുടെ പരാതി കിട്ടിയത്. പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടുകയും ചെയ്തു. പി.കെ.ശശിയെയും എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം തേടി. തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായ നടപടിയെടുക്കുമെന്നും സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു.

അതിനിടെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വൃന്ദ വിഷയത്തില്‍ ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്. അതിശക്തമായ നിലപാട് എടുക്കുമെന്ന ഉറപ്പ് വൃന്ദയ്ക്ക് പിണറായി കൊടുത്തതായാണ് സൂചന. അമേരിക്കയില്‍ ചികില്‍സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ശശിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ ശശിയെ പിണറായി പിന്തുണയ്ക്കില്ല.

അതിനിടെ യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാല്‍ അത് ശരിയാണെന്നും ശശി പ്രതികരിച്ചു. പാര്‍ട്ടി പറയുന്നതാണ് ശരിയെന്നും വ്യക്തമാക്കി. ഈ മാസം 30നും നവംബര്‍ 1നുമാണ് സിപിഐഎം സംസ്ഥാന സമിതി ചേരുക. അന്ന് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ശശിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനാണ് സാധ്യത. പെണ്‍കുട്ടിയുടെ പരാതി പൊലീസിലെത്തില്ലെന്ന് ഉറപ്പിക്കാന്‍ ഇപ്പോഴും അണിയറയില്‍ നടക്കുകയാണ്. പാര്‍ട്ടി തലത്തില്‍ നടപടിയെടുത്ത് ശശിയെ കേസില്‍ നിന്ന് രക്ഷിക്കാനാണ് നീക്കം.

പെണ്‍കുട്ടിക്ക് വേണമെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കാമെന്ന നിലപാടാകും പാര്‍ട്ടി എടുക്കുക. സ്ത്രീ പീഡന പരാതിയില്‍ യുവതികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ പരാതി പൊലീസിന് കൈമാറേണ്ടതുള്ളൂ. ശശിക്കെതിരെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരിലാണ് പാര്‍ട്ടിക്ക് പരാതി കിട്ടിയത്.

സ്ത്രീകള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്ന് ശശിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വൃന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ശശിക്കെതിരെ ഉയര്‍ന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് സിപിഐഎം സ്ഥിരീകരിക്കുകയാണെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്ബ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും വൃന്ദ കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ് ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നല്‍കിയത്. വൃന്ദാ കാരാട്ടിനും സംസ്ഥാനത്തെ ചില നേതാക്കള്‍ക്കും യുവതി പരാതി നല്‍കിയിരുന്നു. അതിനിടെ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യം പാര്‍ട്ടിക്ക് അകത്തു ചര്‍ച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ടെന്നും ശശിയും പ്രതികരിച്ചു. പാര്‍ട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി കൂട്ടിച്ചേര്‍ത്തു. നടപടിയുണ്ടാകുമെന്ന സൂചന ശശിക്കും സംസ്ഥാന നേതൃത്വം നല്‍കിയതിന്റെ സൂചനയാണ് ഇത്.

‘എന്റെ നിലപാട് നേരത്തെ പറഞ്ഞതാണ്. ഏതൊരാളെക്കുറിച്ചും ചെറിയ ആളായാലും ഉന്നത നേതാവായാലും പരാതി കിട്ടിയാല്‍ അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. മറ്റ് പാര്‍ട്ടികളെ പോലെയല്ല. പാര്‍ട്ടിക്കകത്ത് ചര്‍ച്ചചെയ്യേണ്ട കാര്യം പാര്‍ട്ടിക്കകത്ത് ചര്‍ച്ചചെയ്യും. പാര്‍ട്ടിയുടെ നിലപാട് അറിയാത്ത ചില വിവരദോഷികള്‍ മാത്രമേ അകത്തുള്ള കാര്യങ്ങള്‍ പുറത്തുപറയൂ. അന്വേഷിക്കാനുള്ള നല്ല കരുത്ത് പാര്‍ട്ടിക്കുണ്ട്. അത് നേരിടാനുള്ള നല്ല ആര്‍ജവവും കമ്യൂണിസ്റ്റ് ആരോഗ്യവും തനിക്കുണ്ട്. എന്നെ ഇവിടുത്തുകാര്‍ക്കൊക്കെ അറിയാം. എന്നെ അറിയാവുന്ന എന്റെ പൊതുപ്രവര്‍ത്തനത്തെക്കുറിച്ച് അറിയാവുന്ന ആളുകള്‍ക്ക് എന്റെ പൊതുജീവിതം എന്താണ് എന്ന് അവര്‍ക്ക് നല്ലതുപോലെ അറിയാം. ഞാന്‍ തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല.ശശി പ്രതികരിച്ചു.

എന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശകുണ്ടായി എന്ന് എന്റെ പാര്‍ട്ടി എന്നെ ബോധ്യപ്പെടുത്തിയാല്‍ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും, അതാണ് ഞാന്‍ പറഞ്ഞത് കമ്യൂണിസ്റ്റ് ആരോഗ്യമെന്ന്. സാധാരണ ഒരാള്‍ക്ക് ഉണ്ടാകുന്നതല്ല കമ്യൂണിസ്റ്റ് ആരോഗ്യം. അച്ചടക്കനടപടിയെ പറ്റി എന്തിനാണ് ബേജാറാകുന്നത്. അത് ഞങ്ങളുടെ പാര്‍ട്ടി തീരുമാനിക്കുന്നതാണ്. അതില്‍ എന്തിനാണ് വേവലാതി. ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ കൈയില്‍ പരാതിയുണ്ടോ, പരാതി നിങ്ങളുടെ കൈയിലില്ലാതെയാണ് അനാവശ്യമായിട്ട് നിങ്ങളുടെ ഈ വിചാരണ. എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്കകത്ത് ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ചചെയ്യും. വെട്ടിലാക്കാമെന്നാണ് വിചാരമെങ്കില്‍ അതിലൊന്നും ശശി വീഴില്ല’എംഎല്‍എയുടെ പ്രതികരണം ഇങ്ങനെയാണ്.

You must be logged in to post a comment Login