പി.കെ.ശശിക്കെതിരായ പീഡനപരാതിയില്‍ ആടിയുലഞ്ഞ് പാലക്കാട്ടെ സിപിഐഎം നേതൃത്വം

 

പാലക്കാട്: ഷൊര്‍ണാര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡനപരാതിയില്‍ ആടിയുലഞ്ഞ് പാലക്കാട്ടെ സിപിഐഎം നേതൃത്വം. ഒന്‍പതംഗ ജില്ലാ സെക്രട്ടേറിയറ്റില്‍ പി.കെ.ശശിയെ പിന്തുണയ്ക്കുന്നവരാണ് കൂടുതല്‍. പക്ഷേ ജില്ലാ കമ്മിറ്റിയില്‍ അസ്വസ്ഥതയുണ്ട്. എംഎല്‍എയ്‌ക്കെതിരെ നടപടിവേണമെന്ന ആവശ്യത്തിനാണ് പിന്തുണ. പരാതി കേന്ദ്രനേതാക്കള്‍ക്ക് നല്‍കുന്നതിനും ചര്‍ച്ചയാക്കിയതിന് പിന്നിലും പാലക്കാട്ടെ നേതാക്കളുടെ പങ്ക് വലുതാണ്.

നേതാക്കള്‍ വ്യക്തിതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും തിരുത്തേണ്ടതിനു പകരം പലരും ‘ഗ്യാങ്’ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും മണ്ണാര്‍ക്കാട് നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പി.കെ.ശശിക്കെതിരായ പരാതി ഒളിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയത് പക്ഷേ നേതൃത്വത്തിന്റെ വിമര്‍ശനപാത്രമായ ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി അംഗമായ യുവതി നല്‍കിയ പരാതി തള്ളണോ കൊള്ളണോ എന്ന് നേതൃനിരയിലുള്ളവര്‍ക്കുപോലും വ്യക്തതയില്ല. പരാതി തനിക്കുകിട്ടിയില്ലെന്ന് ജില്ലാസെക്രട്ടറി ആവര്‍ത്തിക്കുന്നതും അതുകൊണ്ടാണ്.
പീഡ!ന പരാതി വരുന്നതിന് മുന്‍പു തന്നെ പാലക്കാട്ടെ സിപിഎമ്മില്‍ പികെ ശശി എംഎല്‍എയ്‌ക്കെതിരെ ഒരു വിഭാഗമുണ്ട്. അണികളെക്കൊണ്ട് തമ്പുരാന്‍ എന്ന് വിളിപ്പിക്കുന്നുവെന്നായിരുന്നു ശ്രദ്ധേയമായ ആക്ഷേപങ്ങളിലൊന്ന്. സ്വന്തം മണ്ഡലമായ ഷൊര്‍ണൂരിന് പുറമേ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലും പികെ ശശിയുടെ അപ്രമാദിത്വമാണെന്നും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രി എ.കെ.ബാലന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ ശശി ഇതൊക്കെ അതിജീവിച്ചെങ്കിലും പീഡനപരാതി വന്നപ്പോള്‍ മറുപക്ഷം ഒറ്റക്കെട്ടായി കരുത്തുകാട്ടി. പരാതിക്കാരിക്ക് പിന്തുണനല്‍കി നടപടിയെടുക്കുംവരെ പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദം തുടരാനാണ് തീരുമാനം. പരാതിക്കാരി ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇത് നേരിടാന്‍ സംസ്ഥാനനേതൃത്വം ബുദ്ധിമുട്ടുമെന്നുറപ്പ്.

You must be logged in to post a comment Login