പി.കെ ശശിക്കെതിരായ പീഡന പരാതി ഒതുക്കാന്‍ ശ്രമം; ഒരു കോടിയും ഉന്നത പദവിയും വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി

 

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനും ശ്രമം. ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരിയായ വനിതാ ഡിവൈഎഫ്ഐ നേതാവ് വെളിപ്പെടുത്തി. കൂടാതെ ഡി.വൈ.എഫ്.ഐയില്‍ ഉന്നത പദവിയും നല്‍കാമെന്ന് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്.

പി.കെ ശശി എംഎല്‍എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.. ഇതിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കൊപ്പം നല്‍കി. അതിക്രമത്തിന് മുതിര്‍ന്നത് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍വെച്ചാണെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയിരുന്നു.  അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എ ക്കെതിരെ പരാതി നല്‍കിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു.

തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. സമിതിയില്‍ ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും.

You must be logged in to post a comment Login