പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിയമസഭാ സമ്മേളനത്തിന് മുമ്പ് തീരുമാനമെടുക്കും: സിപിഐഎം

തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഐഎമ്മിന്റെ തീരുമാനം നിയമസഭാ സമ്മേളനത്തിന് മുമ്പുണ്ടാകും. ശശിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനായി പ്രത്യേക സിപിഎം സംസ്ഥാന സമിതി യോഗം വിളിച്ചു. ഈ മാസം 23 നാണ് ഒരു ദിവസത്തെ യോഗം ചേരുക.

തന്നെ ലൈംഗികമായും മാനസികമായും പി.കെ ശശി പീഡിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലെ വനിതാ ഡിവൈഎഫ്‌ഐ നേതാവാണ് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്. പാര്‍ട്ടി സമ്മേളന കാലയളവിലാണ് ശശിയില്‍ നിന്നും പീഡനമുണ്ടായത്. പിന്നീട് ഫോണിലൂടെയും മോശം പെരുമാറ്റം തുടര്‍ന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി അന്വേഷിക്കാന്‍ സിപിഎം മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എംപി എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു.

ഇവരുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാനാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. ശശിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഇതിനിടെ ആരോപണ വിധേയനായിരിക്കെ, ശശിയെ പാര്‍ട്ടി ജാഥയുടെ ക്യാപ്റ്റനാക്കിയത് സിപിഎമ്മിനുള്ളില്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

ഈ മാസം 27 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് തീരുമാനമായിട്ടുള്ളത്. ഡിസംബര്‍ 13 വരെയാകും സമ്മേളനം. 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും പുതിയ ഏതാനും ബില്ലുകളും ഇപ്പോള്‍ സര്‍ക്കാരിനു മുന്നിലുണ്ട്. നിയമസഭാ സമ്മേളനത്തില്‍ ശശി വിഷയം ചര്‍ച്ചയാകാതിരിക്കുക കൂടി ലക്ഷ്യമിട്ടാണ് സിപിഐഎം ഉടന്‍ സംസ്ഥാന സമിതി യോഗം ചേരുന്നത്.

You must be logged in to post a comment Login