പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം സിപിഐഎം- ഡിവൈഎഫ്‌ഐ നേതാക്കള്‍. പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍, ഗൂഢാലോച നടന്നെന്ന ആരോപണത്തിനാണ് കമ്മീഷന്‍ മുന്‍തൂക്കം നല്‍കുന്നതെന്നാണ് ഇവരുടെ ആരോപണം. നടപടിയുണ്ടായില്ലെങ്കില്‍ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം.

അന്വേഷണ കമ്മീഷന്റെ ലക്ഷ്യം വഴിമാറിപ്പോവുകാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പരാതിക്കാരിയുടെ കുടുംബാംഗങ്ങളും അമര്‍ഷത്തിലാണ്. നടപടി ഇനിയും വൈകിയാല്‍ പരാതിക്കാരിതന്നെ മുന്നിട്ടിറങ്ങുമെന്നാണ് സൂചന. പെണ്‍കുട്ടി നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെങ്കിലും പരാതി പുറത്തുവിട്ടേക്കും. ഒപ്പം നിയമപരമായി പി. കെ ശശിക്കെതിരെ നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം.

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ആഗസ്റ്റ് 14നാണ് ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റി അംഗമായ യുവതി പരാതി നല്‍കുന്നത്. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച നേതൃത്വം, രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സെപ്റ്റംബര്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍നടപടിയെന്നായിരുന്നു നേതൃത്വം പെണ്‍കുട്ടിക്ക് കൊടുത്ത ഉറപ്പ്. ശശിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പരാതി പുറത്തുവിടരുതെന്നും പാര്‍ട്ടി നേതൃത്വം പെണ്‍കുട്ടിയോടാശ്യപ്പെട്ടു.

ഇതിനിടെ നിരവധി തവണ അനുനയ ശ്രമങ്ങളും നടന്നു. ഒത്തുതീര്‍പ്പ് ശ്രമമുള്‍പ്പെടെ പെണ്‍കുട്ടി കമ്മീഷന് മൊഴിനല്‍കി. സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസില്‍ തെളിവെടുപ്പിനെത്തിയ മറ്റ് നേതാക്കള്‍ , പരാതിക്ക് പിന്നില്‍ ഗൂഡാലോചയുണ്ടാവാമെന്ന മൊഴിയാണ് നല്‍കിയത്. ജില്ലയിലെ മുന്‍എംഎല്‍എ, കര്‍ഷകസംഘത്തിന്റെ നേതാവ്, ഒരു യുവനേതാവ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഗൂഢാലോചനക്ക് പുറകിലെന്നും കമ്മീഷന്‍ ഇതും അന്വേഷിക്കണമെന്നും പി കെ ശശി നേതൃത്വത്തോടാവശ്യപ്പെട്ടിരുന്നു. പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നും പി.കെ ശശിയെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നു.

You must be logged in to post a comment Login