
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. ഗൂഢാലോചനയുണ്ടെന്ന പി.കെ.ശശിയുടെ പരാതിയിലും നടപടിയെടുക്കും.
മന്ത്രി എ.കെ.ബാലന്, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
ശശിക്കെതിരെയുള്ള പരാതി പൊലീസിന് നല്‍കാതെ പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്. പരാതി ചിലര്‍ ഗൂഢാലോചന നടത്തി നല്‍കിയതാണെന്ന് പി.കെ.ശശി ആരോപിച്ചിരുന്നു. തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ വേണ്ടിയാണിതെന്നാണ് ശശിയുടെ ആരോപണം. ഈ പരാതിയിലും സിപിഐഎം നടപടിയെടുക്കുമെന്നാണ് സൂചനയുള്ളത്.
You must be logged in to post a comment Login