പി.കെ ശശിക്ക് അനുകൂലമായി മൊഴി നല്‍കുന്നവര്‍ക്ക് 14 ലക്ഷം രൂപ; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി അന്വേഷിക്കും

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം പരിശോധിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക് എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ പുതുശ്ശേരി ഏരിയാ കമ്മറ്റി നല്‍കിയ പരാതിയെക്കുറിച്ച് സൂചിപ്പിച്ചത്.

പരാതി ഗൗരവതരമാണെന്നും കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് സൂചന. പുതുശ്ശേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ശശിക്കെതിരെ ജില്ലാ നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്നു പാര്‍ട്ടി അന്വേഷണ കമ്മീഷന് മൊഴി നല്‍കണമെന്ന് ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടന്നായിരുന്നു പുതുശ്ശേരി ഏരിയാ കമ്മറ്റിയില്‍ ലോക്കല്‍ സെക്രട്ടറി വെളിപ്പെടുത്തിയത്.

ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് ആവശ്യപ്പെടുന്നതെന്നും പ്രത്യുപകരമായി 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുനല്‍കാമെന്ന വാഗ്ദാനം നല്‍കിയെന്നും ഇദ്ദേഹം കമ്മറ്റിയില്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ കുറിച്ച് ഏരിയാ കമ്മറ്റി നേരിട്ടാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്. അതേസമയം ഒന്നര മാസമായി പൊതുപരിപാടികളില്‍ നിന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിട്ടുനിന്നിരുന്ന എംഎല്‍എ പികെ ശശി ഇന്നലെ പാലക്കാട് നടന്ന പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പങ്കെടുത്തു.

You must be logged in to post a comment Login