പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ശശിക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിശദീകരണം സിപിഎം ചര്‍ച്ചചെയ്യും. ഇന്നു ചേരുന്ന സംസ്ഥാനകമ്മിറ്റിയിലാണ് ചര്‍ച്ച. നേരത്തെ, അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ശശിയുടെ വിശദീകരണം തേടിയിരുന്നു. രേഖാമൂലമുള്ള വിശദീകരണം കണക്കിലെടുത്താണ് നടപടി.

ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിട്ടുണ്ട്.

പരാതിയില്‍ പി.കെ.ശശിക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. സിപിഎം സെക്രട്ടേറിയേറ്റില്‍ പരാതിയിന്‍മേല്‍ നല്‍കിയ വിശദീകരണം കൂടി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നടപടി. സെക്രട്ടറിയേറ്റിനും സംസ്ഥാന സമിതി യോഗത്തിനും ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക.

അതേസമയം, കമ്മീഷന്‍ അംഗങ്ങള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമെന്ന് എ.കെ.ബാലനും, വിരുദ്ധമായി പി.കെ.ശ്രീമതിയും നിലപാടെടുത്തു. എന്നാല്‍ ഭിന്നാഭിപ്രായം റിപ്പോര്‍ട്ടിലില്ലെന്നും, റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഏകകണ്ഠമായാണെന്നും വിവരമുണ്ട്.

പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ആരോപിച്ച് പി.കെ.ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പി.കെ.ശശി പ്രതികരിച്ചു. പാര്‍ട്ടി തന്റെ ജീവനാണെന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും പികെ ശശി പറഞ്ഞു.

ഡിവൈഎഫ് വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്. എന്നാല്‍ ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത. ലൈംഗിക പീഡന പരാതി എന്നത് മോശമായി പെരുമാറി എന്നാക്കി മാറ്റിയതായാണ് ലഭിക്കുന്ന വിവരം.

അതേസമയം പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. പി.കെ.ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്. ഇന്നലെ ജാഥ സമാപിച്ചു.

എംഎല്‍എ ആയതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കലടക്കമുള്ള കടുത്ത നടപടി ഉണ്ടാകാനിടയില്ല. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത.

എന്നാല്‍ ചര്‍ച്ചയില്‍ അംഗങ്ങള്‍ സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇത് കൂടി പരിഗിണിച്ചാണ് ഇന്ന് സംസ്ഥാനകമ്മിറ്റി ചേരാന്‍ തീരുമാനിച്ചതും.

You must be logged in to post a comment Login