ന്യൂഡല്‍ഹി: വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെ സിപിഐഎം വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. പീഡന ആരോപണം ഉന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്കിയ പരാതിയിലാണു കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. പീഡന പരാതി പൊലീസിന് കൈമാറാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
അതേസമയം, തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി പറഞ്ഞു. പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു.
എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന് എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇമെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നുവെന്നാണ് സൂചന.
അതേസമയം എംഎല്‍എക്കെതിരായ പരാതി ഒതുക്കാന്‍ ശ്രമം നടക്കുന്നതായും പരാതിയിലുണ്ട്. തനിക്ക് ഒരു കോടി രൂപയും ഡിവൈഎഫ്ഐയില്‍ ഉന്നത സ്ഥാനവും വാഗ്ധാനം ചെയ്തുവെന്നു പരാതിക്കാരി വ്യക്തമാക്കി. സിപിഐഎം നേതൃത്വത്തിനു നല്കിയ പരാതിയിലാണ് ഇക്കാര്യമുള്ളത്. എംഎല്‍എ ഫോണിലൂടെ അശ്ലീലസംഭാഷണം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം യുവതി നല്കി. പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് യെച്ചൂരിയെ സമീപിച്ചത്. ജില്ലാ കമ്മറ്റിയിലുള്ളവര്‍ക്ക് പരാതി നല്കിയപ്പോള് എംഎല്‍എയില്‍ നിന്ന് മാറി നില്ക്കാന് ഉപദേശിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്. വളരെ ലാഘവത്തോടെയാണ് എംഎല്‍എയ്ക്കെതിരായ പരാതി കൈകാര്യം ചെയ്തതെന്നും പരാതിക്കാരി ആരോപിച്ചു.
എന്നാല്‍, എംഎല്‍എക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രന് പറയുന്നത്. പരാതി ലഭിക്കാതെ ഇതിനെക്കുറിച്ച് ചര്‍ച്ച നടത്താനാവില്ലെന്നും സി.കെ രാജേന്ദ്രന് പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അതുകൊണ്ട് തന്നെ ഇത്തരമൊരു പരാതി പാര്‍ട്ടിക്ക് തിരിച്ചടിയാണ്. പി കെ ശശിക്കെതിരേ വനിതാനേതാവ് ഉയര്‍ത്തിയ ആരോപണം കഴിഞ്ഞ കുറേ നാളായി പാലക്കാട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായിരുന്നു. ശക്തമായ നടപടി വേണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി പരാതി പിബിയെ അറിയിച്ചത്. എന്നാല്‍ അതില്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയതും അദ്ദേഹം പിബി വിളിച്ചു കൂട്ടി പ്രശ്നം ചര്‍ച്ച ചെയ്തതും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന് നല്കിയ പരാതിയിലും യുവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനിടെ വിഷയം രാഷ്ട്രീയമായി ചര്‍ച്ചയായിട്ടുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന് വിമര്‍ശനവുമായി രംഗത്ത് വന്നു. കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. വൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള വൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ്14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും വൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡന കേസില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്ന് സുരേന്ദ്രന് ആരോപിക്കുന്നു.
ആരോപണവിധേയന് ഒരു എംഎല്‍എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? പാര്‍ട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് വൃന്ദാ കാരാട്ടും കേന്ദ്ര നേതൃത്വവും വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആരോപിക്കുന്നു.
You must be logged in to post a comment Login