പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്‌ച നടത്തി

തൊടുപുഴ: പാലാ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി.ജെ ജോസഫുമായി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച നീണ്ടു നിന്നത്. ജോസഫ് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്തതായി ജോസ് ടോം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസിലെ ഭിന്നത പരിഹരിച്ച് എല്ലാവരെയും കൂടെ നിർത്താനുള്ള നീക്കങ്ങളാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്നും നടത്തുന്നത്. ഒന്നിച്ച് നിന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിക്കുമെന്നും യുഡിഎഫ് വിലയിരുത്തി. ജോസ് കെ.മാണി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. വീടുകൾ കയറിയിറങ്ങി വോട്ട് ചോദിക്കുന്ന തിരക്കിലാണ് ജോസ് കെ.മാണി വിഭാഗം നേതാക്കളും.

യുഡിഎഫിനൊപ്പം പ്രചാരണം നടത്തില്ലെന്നും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സമാന്തര പ്രചാരണം നടത്തുകയാണ് ചെയ്യുകയെന്നും പി.ജെ.ജോസഫ് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ അധിക്ഷേപിക്കാൻ ശ്രമങ്ങൾ നടന്നെന്നും അതിനാൽ യുഡിഎഫിനൊപ്പം പ്രചാരണം നടത്തില്ലെന്നുമാണ് ജോസഫ് അറിയിച്ചിരുന്നത്.

പാലായില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ കൂവിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി യുഡിഎഫ് നേതാക്കള്‍ അറിയിച്ചിരുന്നു. മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മുന്നോട്ട് പോകുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്.

അതേസമയം, മാണി സി.കാപ്പാന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ കൂട്ടരാജി നടന്നിരുന്നു. പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയാണെന്ന് ആരോപിച്ച് ഇതുവരെ 42 പേര്‍ രാജിവച്ചു. ദേശീയ സമിതിയംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിലാണു രാജി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ കൂട്ടരാജി പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതാക്കള്‍.

രാജിക്കത്ത് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കു കൈമാറി. ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചുവെന്ന് ജേക്കബ് ആരോപിച്ചു. മാണി സി.കാപ്പന് പാലായില്‍ വിജയ സാധ്യതയില്ല. അവഗണനയെ തുടര്‍ന്നു പാര്‍ട്ടിയില്‍ തുടരാന്‍ ഇല്ലെങ്കിലും മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നും ജേക്കബ് പ്രതികരിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാപ്പനെ വീണ്ടും തിരഞ്ഞെടുത്തതില്‍ നേരത്തെതന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഘട്ടം ഘട്ടമായി കെ.എം.മാണിയുടെ ഭൂരിപക്ഷം കുറച്ചതിന്റെ പശ്ചാത്തലത്തില്‍ കാപ്പനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ഇടതുമുന്നണി അനുകൂല സമീപനം പുലര്‍ത്തുകയായിരുന്നു.

You must be logged in to post a comment Login