പി.വി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്ന് ഒഴിവാക്കണം: വി.എം സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: പി. വി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിഎം സുധീരന്‍. പരിസ്ഥിതി നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നയാള്‍ സമിതിയില്‍ തുടരുന്നത് ശരിയല്ല. അന്‍വര്‍ എംഎല്‍എയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

അതേസമയം, മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള  തടയണ പൊളിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ചീങ്കണ്ണിപ്പാറയിലെ ഡാമിലെ ജലം അടിയന്തരമായി തുറന്നുവിടണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. തടയണ പൊളിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ടെക്‌നിക്കല്‍ ഓഫീസറെ നിയമിച്ച് എത്രയും പെട്ടെന്ന് വെള്ളം ഒഴുക്കിവിടാന്‍ ആവശ്യമായ നടപടി എടുക്കാനാണ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കക്കാടംപൊയിലെ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചുള്ള അനധികൃത നിര്‍മ്മാണത്തിലൂടെ വിവാദത്തിലാണ്. പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനായാണ് തടയണ കെട്ടിയത്. അനധികൃത റോഡ്‌ നിര്‍മ്മാണവും നടന്നിട്ടുണ്ട്.

You must be logged in to post a comment Login