പി. വി അന്‍വറിന്റെ ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ ജലം ഒഴുക്കി കളയണമെന്ന് ഹൈക്കോടതി


കൊച്ചി: പി. വി അന്‍വറിന്റെ ചീങ്കണ്ണിപാലിയിലെ തടയണയിലെ ജലം ഒഴുക്കി കളയണമെന്ന് ഹൈക്കോടതി. തടയണ തുറന്നുവിടാനായി മലപ്പുറം കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കകം ജലം ഒഴുക്കി കളയാനാണ് നിര്‍ദേശം. മേല്‍നോട്ടത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും കോടതി നിര്‍ദേശം നല്‍കി. മഴക്കാല ദുരന്തത്തി​ന്റെ പശ്ചാത്തലത്തില്‍ തടയണ അപകടഭീഷണി ഉയര്‍ത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി എം.പി. വിനോദ്​ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ്​ ഹൈക്കോടതി ഉത്തരവ്​. തടയണ ഭീഷണിയാണെന്ന് കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണ പൊളിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. യാതൊരു അനുമതിയുമില്ലാതെയാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.

രണ്ടുവര്‍ഷം മുമ്പാണ് വനത്തിനുള്ളിലൂടെ ഒഴുകുന്ന അരുവി തടസപ്പെടുത്തി അന്‍വര്‍ തടയണ നിര്‍മ്മിച്ചത്. വനം വകുപ്പിന്റെയോ, ജലസേചന വകുപ്പിന്റെയോ അനുമതി കൂടാതെയായിരുന്നു നിര്‍മ്മാണം. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്നാണ് പെരുന്തല്‍മണ്ണ ആര്‍.ഡി.ഒ നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയത്. തടയണ ഉരുള്‍ പൊട്ടലിന് കാരണമാകുമെന്ന് വനംവകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പൊളിച്ച്‌ മാറ്റാന്‍ അന്‍വര്‍ തയ്യാറായിരുന്നില്ല.

You must be logged in to post a comment Login