പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍; ആന്ധ്രാ സര്‍ക്കാര്‍ നിയമന ഉത്തരവ് നല്‍കി

 

റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ പി.വി സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി ആന്ധ്രപ്രേദേശ് സര്‍ക്കാര്‍ നിയമിച്ചു. വ്യാഴാഴ്ച്ച. നിയമന ഉത്തരവ് വ്യാഴാഴ്ച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു പിവി സിന്ധുവിന് കൈമാറി.

ഡെപ്യൂട്ടി കളക്ടറായുള്ള നിയമന ഉത്തരവ് കൈപ്പറ്റിയ പിവി സിന്ധു സര്‍ക്കാരിന് നന്ദി പറഞ്ഞു. തന്റെ പ്രഥമ പരിഗണന ബാഡ്മിന്റണിനായിരിക്കും എന്നും സ്‌പോര്‍ട്‌സില്‍ ഇനിയും കൂടുതല്‍ ഉയരം കീഴടക്കാനുള്ളതുകൊണ്ട് തന്നെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുമെന്നും സിന്ധു പറഞ്ഞു.

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ ആദ്യമായി വെള്ളി മെഡല്‍ ഇന്ത്യയിലെത്തിച്ച പിവി സിന്ധുവിന് ആന്ധ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപയും ആയിരം ചതുരശ്രയടി സ്ഥലവും നല്‍കിയിരുന്നു. സിന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ചന്ദ്രബാബു നായിഡു അന്ന് പറഞ്ഞിരുന്നു. ഒരുമാസത്തിനുള്ളില്‍ ജോലി സ്വീകരിക്കണം. മൂന്ന് വര്‍ഷകാലയളവില്‍ സിന്ധു പ്രൊബേഷനിലായിരിക്കും.

അതേസമയം തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ആന്ധ്രാ സര്‍ക്കാര്‍ ഇത്തരം നടപടി കൈക്കൊണ്ടതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സിന്ധുവിനെ ഗ്രൂപ്പ് വണ്‍ ഓഫീസറാക്കാന്‍ ബില്‍ പാസാക്കിയത്.

1994ലെ റെഗ്യുലേഷന്‍ ഓഫ് അപ്പോയിന്റ്‌മെന്റ്‌സ് ടു പബ്ലിക് സര്‍വീസസ് ആന്‍ഡ് റേഷണലൈസേഷന്‍ ഓഫ് സ്റ്റാഫ് പാറ്റേണ്‍ ആന്‍ഡ് പെ സ്ട്രക്ചര്‍ ആക്ട് അനുസരിച്ച് പി.എസ്.സി. മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ മാത്രമേ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കാനാവൂ. ഈ നിയമത്തിലെ സെക്ഷന്‍ നാലാണ് സിന്ധുവിനുവേണ്ടി സര്‍ക്കാര്‍ ബില്‍ വഴി ഭേദഗതി ചെയ്തത്.

സംസ്ഥാന ധനമന്ത്രി യാനമാല രാമകൃഷ്ണുഡു അവതരിപ്പിച്ച ബില്‍ ഏകകണ്‌ഠേനയാണ് നിയമസഭ പാസാക്കിയത്. ബില്‍ പിന്നീട് നിയമസഭാ കൗണ്‍സിലും പാസാക്കി. നിലവില്‍ ഭാരത് പെട്രോളിയത്തിന്റെ ഹൈദരാബാദ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായി പ്രവര്‍ത്തിക്കുകയാണ് സിന്ധു.

You must be logged in to post a comment Login