പി.സി.ജോര്‍ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും.
നിയമസഭാ സ്പീക്കര്‍ക്കും പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി.സി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും ബന്ധുക്കള്‍ അറിയിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മോശമായ പരാമര്‍ശം നടത്തിയതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ധര്‍ണയില്‍ പങ്കെടുത്ത കന്യാസ്ത്രീകളെക്കുറിച്ച് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് എം.എല്‍.എ നടത്തിയത്. ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമം പോലും പറയുന്നു. കടുത്ത മാനസിക പ്രയാസമുണ്ടായ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതില്‍നിന്ന് പിന്മാറുന്നത്. മാനസിക പ്രയാസം മാറിയാല്‍ കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

You must be logged in to post a comment Login