പീഡനക്കേസില്‍ നിന്ന് പിന്മാറാന്‍ ജലന്തര്‍ ബിഷപ്പ് വാഗ്ദാനം ചെയ്തത് അഞ്ച് കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും; കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്‍കി

കോട്ടയം: പീഡനക്കേസില്‍ നിന്ന് പിന്മാറാന്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്‍കി. കന്യാസ്ത്രീക്കു സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ് വാഗ്ദാനം ചെയ്തതായി മൊഴിയില്‍ പറയുന്നു. വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലാണ് സഹോദരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നും സഹോദരന്‍ പ്രതികരിച്ചു.

കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയതു താനാണെന്നു സഹോദരന്‍ സമ്മതിച്ചു. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു കര്‍ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്തുവിടാന്‍ നിര്‍ബന്ധിതരായതെന്നാണു മൊഴി.

രണ്ടാഴ്ച മുന്‍പ് കാലടി സ്വദേശിയായ സുഹൃത്ത് മുഖേനയാണ് ജലന്തര്‍ ബിഷപ്പ് അനുനയ നീക്കം നടത്തിയതെന്നാണ് കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നും നിശബ്ദത പാലിക്കണമെന്നുമായിരുന്നു ആവശ്യം. അഞ്ചു കോടി രൂപയും കന്യാസ്തീക്കു സഭയില്‍ ചോദിക്കുന്ന സ്ഥാനവുമായിരുന്നു വാഗ്ദാനം. പണവും സ്ഥാനവും നിരസിച്ച സഹോദരന്‍ കേസുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കിയതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് ബിഷപ്പ് അനുനയ നീക്കം സജീവമാക്കിയത്.

മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് സഹോദരന്റെ തീരുമാനം.

You must be logged in to post a comment Login