പീഡിപ്പിച്ചവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് യുവതി

മുംബൈ: തന്നെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ബലാല്‍സംഗത്തിന് ഇരയായ ഫോട്ടോ ജേര്‍ണലിസ്റ്റ്. ആശുപത്രിയില്‍ തന്റെ അമ്മയോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. തന്നെ പീഡിപ്പിച്ചവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു.
22 വയസ്സുളള മാധ്യമ ഫോട്ടൊഗ്രാഫറായ യുവതിയെ അഞ്ചംഗ സംഘം വ്യാഴാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട ശക്തി മില്ലില്‍ വച്ച് ക്രൂര ബലാല്‍സംഗത്തിനിരയാക്കിയത്. ജോലിയുടെ ഭാഗമായാണ് യുവതി മില്ലില്‍ എത്തിയത്.അവര്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും ബലാത്സംഗ ഇര ആവശ്യപ്പെട്ടു.

മുംബൈ ജെസ്‌ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി വിട്ടാല്‍ ജോലിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. തന്നെയും സുഹൃത്തിനെയും അഞ്ചംഗ സംഘം കൈകാര്യം ചെയ്തത് ഇവര്‍ വിശദീകരിച്ചു.

‘രാജ്യത്തെ മറ്റൊരു സ്ത്രീക്കും തനിക്ക് നേരെയുണ്ടായ അതിക്രമം ഉണ്ടാവരുത്. എന്റെ ജീവിതം നശിപ്പിച്ചവര്‍ക്കു കടുത്ത ശിക്ഷ തന്നെ കിട്ടണം. ജീവപര്യന്തം ശിക്ഷയില്‍ കുറഞ്ഞതൊന്നും എനിയ്ക്കുണ്ടായ മാനഹാനിക്കും പീഡനത്തിനും മറുപടിയാകില്ല.’ യുവതി അമ്മയോട് പറഞ്ഞു.

You must be logged in to post a comment Login