പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരും…

തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നതിനും അവയില്‍ രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത പുകവലിക്കുന്നവരില്‍ കൂടുതലാണ്. പുകവലിക്കാരില്‍ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നു ചുരുക്കം.

Smoking
വിവിധതരം ശ്വാസകോശ രോഗങ്ങള്‍, 14 തരം കാന്‍സറുകള്‍, ഹൃദയരോഗങ്ങള്‍ തുടങ്ങിയവയ്ക്കു പുകവലി മുഖ്യകാരണമെന്നു വിദഗ്ധര്‍. കാന്‍സറിന്റെ കാരണങ്ങളില്‍ നമുക്ക് ഒഴിവാക്കാവുന്നവയില്‍ മുഖ്യമാണു പുകയില ഉത്പന്നങ്ങളുടെ ഉപയോഗം. എല്ലാത്തരം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ആരോഗ്യത്തിനു ഹാനികരം. പുകയില ഉത്പന്നങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും പുകവലിയുടെ കൊടിയ വിപത്തുകളെക്കുറിച്ചും ജനങ്ങളെ ഓര്‍മിപ്പിക്കുന്നതിനു ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി(ണീൃഹറ ചീ ഠീയമരരീ ഉമ്യ) ആചരിക്കുന്നു.

പ്രധാനവില്ലന്‍ നിക്കോട്ടിന്‍

സിഗരറ്റില്‍ 600ല്‍പരം രാസഘടകങ്ങളാണുള്ളത്. സിഗരറ്റ് പുകയില്‍ 7000ല്‍പരം രാസവസ്തുക്കളുണ്ട്. ഇതില്‍ 70 എണ്ണം കാന്‍സറിനിടയാക്കുമെന്നു പഠനങ്ങള്‍. സിഗരറ്റിന്റെ പുകയുന്ന അഗ്രവും അന്തരീക്ഷത്തില്‍ കലരുന്ന വിഷലിപ്തമായ പുകയും പുകവലിക്കാത്തവര്‍ക്കും ഭീഷണിയാകുന്നു. സ്‌ട്രോക്ക്, ഹൃദയാഘാതം, കൊറോണറി ഹാര്‍ട്ട് രോഗങ്ങള്‍ എന്നിവയ്ക്കുള്ള ഉയര്‍ന്ന സാധ്യത പരോക്ഷപുകവലിക്കാരിലുമുണ്ട്.

”പുകവലി ഉപേക്ഷിക്കുക എന്നതു ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. എനിക്കതു കൃത്യമായി അറിയാം, കാരണം ഞാന്‍ തന്നെ ആയിരിക്കണക്കിനു തവണ പുകവലി ഉപേക്ഷിച്ചിരിക്കുന്നു…” മാര്‍ക്ക് ട്വയിന്റെ ഈ വാചകങ്ങള്‍ ഏറെ പ്രശസ്തം. പുകയിലയിലുള്ള നിക്കോട്ടിന്‍ എന്ന മയക്കുമരുന്നാണ് പുകവലിക്ക് അടിമയാക്കുന്നത്. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ രണ്ടു മില്ലിഗ്രാം നിക്കോട്ടിന്‍ രക്തത്തില്‍ കലരുന്നു. സിഗരറ്റ് വലിച്ച് 20 സെക്കന്‍ഡിനകം നിക്കോട്ടിന്‍ തലച്ചോറില്‍ എത്തുന്നു. കേന്ദ്രനാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. കുറച്ചുനേരം പതിവി ലധികം ഊര്‍ജം നേടിയതായി തോന്നുമെങ്കിലും അതിന്റെ സ്വാധീനം വിട്ടുമാറുമ്പോള്‍ ശരീരത്തിനു തളര്‍ച്ച അനുഭവപ്പെടും.

സിഗരറ്റ് പുകയിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്നു കാര്‍ബോക്‌സി ഹീമോഗ്ലോബിന്‍ ആയി മാറുന്നു. ഓക്‌സിജനു ഹീമോഗ്ലോബിനുമായി ചേരാനുള്ള അവസരം നഷ്ടമാകുന്നു. രക്തത്തില്‍ നിന്ന് കോശങ്ങള്‍ക്കു മതിയായ തോതില്‍ ഓക്‌സിജന്‍ ലഭിക്കാതെയാകുന്നു.

SecondHand-Smoke

  • പുകവലിയും കാന്‍സറും

കാന്‍സറുകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ഡിഎന്‍എയിലെ നിര്‍ണായക ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു. സിഗരറ്റിലുള്ള മിക്ക രാസവസ്തുക്കളും… ബെന്‍സീന്‍, പൊളോണിയം-210, ബെന്‍സോ എ പൈറീന്‍, നൈട്രോസാമീന്‍സ് ഉള്‍പ്പെടെയുള്ളവ ഡിഎന്‍എയുടെ നാശത്തിനിടയാക്കുന്നു. സിഗരറ്റിലുള്ള ക്രോമിയം, ആഴ്‌സനിക്ക്, നിക്കല്‍ തുടങ്ങിയ രാസവസ്തുക്കളും ഡിഎന്‍എയുടെ നാശത്തിന് ആക്കംകൂട്ടുന്നു. ഡിഎന്‍എയ്ക്കു കേടുപാടു സംഭവിച്ച കോശങ്ങള്‍ കാന്‍സര്‍കോശങ്ങളായി മാറുന്നു. അതു സംഭവിക്കുന്നതു നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാവാം.

സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങള്‍, മൂത്രാശയം, പാന്‍ക്രിയാസ്, വൃക്കകള്‍, കരള്‍, ആമാശയം, കുടല്‍, സെര്‍വിക്‌സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ചിലതരം രക്താര്‍ബുദങ്ങള്‍ക്കും പുകവലി കാരണമാകുന്നു. പുകവലി സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്. ദീര്‍ഘകാലമായി പുകവലി തുടരുന്നവരില്‍ ശ്വാസകോശ അര്‍ബുദസാധ്യത ഏറെയാണ്. പുകവലി കോശങ്ങളുടെ എണ്ണത്തില്‍ വര്‍ധനയ്ക്കും ശ്വാസകോശത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്കും കാരണമാകുന്നു. അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാന്‍സറുകളിലൊന്നാണ് ശ്വാസകോശ അര്‍ബുദം. കാന്‍സര്‍ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും.

പുകവലിക്കാര്‍ക്ക് നിരവധി അപകട മുന്നറിയിപ്പുകള്‍ കിട്ടാറുണ്ട്. വായില്‍ വെള്ളപ്പാടുകള്‍, ചെമന്ന പാടുകള്‍, അള്‍സറുകള്‍, ഭക്ഷണം ഇറക്കാനുള്ള പ്രയാസം, ശബ്ദമാറ്റം, തൊട്ടാല്‍ രക്തസ്രാവം ഉണ്ടാകുന്ന അള്‍സറുകള്‍, തടിപ്പുകള്‍… എന്നിങ്ങനെ വിവിധതരം കാന്‍സര്‍ സൂചനകള്‍ വരാറുണ്ട്. വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കുന്നതിനു വിഷമം എന്നിവയാണ് ഈസോഫാഗസ്, ആമാശയം എന്നിവയിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍.

smoking (1)

നേരത്തേ കണ്ടുപിടിക്കുന്നതാണ് കാന്‍സര്‍ ചികിത്സയിലെ വിജയം. കഴുത്തില്‍ തടിപ്പുകള്‍, മുഴകള്‍ എന്നിവ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറുകളുടെ ലക്ഷണങ്ങളില്‍പ്പെടും. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴെങ്കിലും പുകവലി നിര്‍ത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താല്‍ അതിജീവനസാധ്യതയേറും. ഒരു ദിവസം നേരത്തേ പുകവലി നിര്‍ത്തിയാല്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഒരു വര്‍ഷം കൂടി കിട്ടുമെന്നാണു കണക്കുകള്‍. പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത പുകവലിക്കാത്തവരുടെ ഇടയില്‍ തീരെ കുറവാണെന്നു പഠനങ്ങള്‍ പറയുന്നു.

  • തകരുന്ന പ്രതിരോധം

അണുബാധ, മറ്റു രോഗങ്ങള്‍ എന്നിവയെ ചെറുക്കാനുള്ള സ്വാഭാവികശേഷി നമ്മുടെ ശരീരത്തിനുണ്ട്. ശരീരത്തിലുള്ള ‘ഡീടോക്‌സിഫിക്കേഷന്‍ എന്‍സൈമുക’ളാണ് വിഷവസ്തുക്കളെ നിര്‍വീര്യമാക്കി കോശങ്ങളെ സംരക്ഷിക്കുന്നത്. പക്ഷേ, പുകയിലടങ്ങിയ കാഡ്മിയം പോലെയുള്ള രാസവസ്തുക്കള്‍ ഇത്തരം മാലിന്യനീക്കത്തിനു വിഘാതമായി മാറുന്നു. ശരീരത്തിലെത്തുന്ന വിഷകരമായ രാസവസ്തുക്കളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടാകുന്നു. പുകവലി രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. പുകവലിക്കാര്‍ക്കു ശ്വാസകോശരോഗങ്ങള്‍ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണ്. ക്രോണ്‍സ് രോഗം, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. പുകവലിക്കാരുടെ മക്കള്‍ക്ക് ചുമ, ശ്വാസംമുട്ടല്‍, ആസ്ത്മ, ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയില്‍ അണുബാധ എന്നിവയ്ക്കു സാധ്യതയേറെ.

  • ‘അടി മുതല്‍ മുടിയോളം’

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ബോണ്‍ ഡെന്‍സിറ്റി കുറയ്ക്കുന്നതായി പഠനങ്ങള്‍. പുകവലി, പ്രായമായവരില്‍ എല്ലുകള്‍ ദുര്‍ബലമാവുകയും പൊട്ടലുകള്‍ക്കിടയാക്കുകയും ചെയ്യുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കൂട്ടുന്നു. പുകവലി സ്ത്രീകളില്‍ ഈസ്ട്രജന്റെ തോതു കുറയ്ക്കുന്നു. ആര്‍ത്തവവിരാമം നേരത്തേയാകുന്നതിനുള്ള സാധ്യത കൂടുന്നു. ഇതു സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ്‌സാധ്യത വര്‍ധിപ്പിക്കുന്നു.

പുക വലിക്കുന്നവര്‍ക്കു മോണയില്‍ നീര്, അണുബാധ, പല്ലുകള്‍ക്കു കേടുപാട്, നാശം, ദുര്‍ഗന്ധമുള്ള ശ്വാസം എന്നിവയ്ക്കു സാധ്യതയേറെ. പുകവലി രുചിയറിയാനുള്ള കഴിവു കുറയ്ക്കും, ഗന്ധമറിയാനുള്ള ശേഷിയും. ഒരു ഭക്ഷണവും ആസ്വദിച്ചു കഴിക്കാനാകാതെയാവും. പുകവലി വിശപ്പ് ദുര്‍ബലമാക്കുന്നു. ശരീരത്തിനു മതിയായ അളവില്‍ പോഷകങ്ങള്‍ ലഭിക്കാതെയാകുന്നു. ചര്‍മം, നഖം, മുടി എന്നിവയ്ക്കും പുകവലി ദോഷകരം. ചര്‍മത്തിനു നിറഭേദം, അകാലത്തില്‍ ചുളിവുകള്‍ എന്നിവയ്ക്കും സാധ്യതയേറെ. തള്ളവിരല്‍ നഖം മഞ്ഞയാകുന്നു. പല്ലുകളില്‍ മഞ്ഞയിലും, തവിട്ടിലും കറ അടിയുന്നു. പുകവലി ഉപേക്ഷിച്ചാല്‍ പോലും ഏറെ നാളത്തേക്ക് മുടിക്കുപോലും സിഗരറ്റ് ഗന്ധം ഉണ്ടാകാറുണ്ട്.

കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി ഭീഷണിയാകുന്നു. പ്രായമാകുന്നതോടെ കണ്ണുകളെ ബാധിക്കുന്ന മാകുലാര്‍ ഡീജനറേഷന്‍, തിമിരം, ഒപ്റ്റിക് നേര്‍വ് തകരാര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു. ഇവയെല്ലാം കാലക്രമത്തില്‍ അന്ധതയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളാണ്.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നതിനും അവയില്‍ രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത പുകവലിക്കുന്നവരില്‍ കൂടുതലാണ്. പുകവലിക്കാരില്‍ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നു ചുരുക്കം.

പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹവും പുകവലിയും തമ്മില്‍ ബന്ധമുണെ്ടന്ന് അടുത്തിടെ നടന്ന ചില പഠനങ്ങള്‍ പറയുന്നു. പുകവലിക്കുന്നവര്‍ക്ക് ഇന്‍സുലിന്‍ റസിസ്റ്റന്‍സ് കൂടുതലാണ്. പുകവലിക്കാരില്‍ പ്രമേഹസാധ്യത കൂടുതലാണെന്നു ചുരുക്കം. പുകവലി പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്.

  • ഹൃദയവും പണിമുടക്കും!

പുകയില ഉത്പന്നങ്ങളിലെ വിഷകരമായ രാസവസ്തുക്കള്‍ രക്തകോശങ്ങള്‍ക്കു നാശം വരുത്തുന്നു. രക്തത്തിന്റെ രാസഘടനയില്‍ മാറ്റം വരുത്തുന്നു. രക്തക്കുഴലുകള്‍ക്കു കേടുപാടു വരുത്തുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്നു. രക്തക്കുഴലുകളില്‍ വാക്‌സ് പോലെയുള്ള പ്ലേക് അടിഞ്ഞുകൂടി(ആര്‍ട്ടീരിയോ സ്‌ളീറോസിസ്) രക്തസമ്മര്‍ദം വര്‍ധിക്കുന്നതിന് ഇടയാക്കുന്നു. പുകവലിക്കാരില്‍ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് അവയില്‍ ബ്ലോക്കുണ്ടാകുന്ന സ്ഥിതി, ഹൃദയാഘാതം, ആര്‍ട്ടറി തകരാര്‍, നെഞ്ചുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്കും സാധ്യതയേറെ.

പുകവലി കാര്‍ഡിയോ വാസ്‌കുലാര്‍ വ്യവസ്ഥയെ ആകമാനം തകരാറിലാക്കുന്നു. രക്തത്തില്‍ കലരുന്ന നിക്കോട്ടിന്‍ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നു. ചുരുങ്ങിയ നേരത്തിനകം ക്ഷീണം അനുഭവപ്പെടാം. നിക്കോട്ടിന്‍ രക്തക്കുഴലുകളെ വലിച്ചുമുറുക്കുന്നു. ഇത് രക്തസഞ്ചാരം പരിമിതപ്പെടുത്തുന്നു, പെരിഫറല്‍ ആര്‍ട്ടറി രോഗങ്ങള്‍ക്കിടയാക്കുന്നു. പുകവലി രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ – എച്ച്ഡിഎലിന്റെ- അളവു കുറയ്ക്കുന്നു. രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. രക്തക്കുഴലുകളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിനിടയാക്കുന്നു.

  • സ്ത്രീകളും പുകവലിയും

സ്ത്രീകളില്‍ പുകവലി വര്‍ധിക്കുന്നതായി കണക്കുകള്‍ പറയുന്നു. ലൈറ്റ് സിഗരറ്റ്, സിഗരറ്റ്‌സ് ഫോര്‍ ലേഡീസ് എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്ന പരസ്യങ്ങളോടെ സ്ത്രീകളെ ലക്ഷ്യമാക്കിയും സിഗരറ്റ് ബ്രാന്‍ഡുകള്‍ ഇന്നു വിപണിയിലുണ്ട്. ഇ- സിഗരറ്റും(ഇലക്‌ട്രോണിക് സിഗരറ്റ്) വിപണിയിലു്. വാസ്തവത്തില്‍ ഇവയെല്ലാം ആരോഗ്യത്തിനു കടുത്ത ദോഷകാരികള്‍ തന്നെ. 20 വര്‍ഷം മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളിലെ ശ്വാസകോശ അര്‍ബുദ നിരക്കിലെ വര്‍ധന
ഏകദേശം 30 ഇരട്ടിയിലധികമാണ്. പുകവലി വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുകവലിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആര്‍ത്തവവിരാമം നേരത്തേയാകുന്നു. പുകവലി സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. പുകവലിക്കുന്ന സ്ത്രീകളില്‍ പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത കുടും. ഗര്‍ഭമലസല്‍, മാസം തികയാതെയുള്ള പ്രസവം, പ്ലാസന്റയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകുന്നു. ഗര്‍ഭിണികള്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതുപോലെ തന്നെ അപകടകരമാണ് അവയില്‍ നിന്നുള്ള പുക ശ്വസിക്കാനാനിടയാകുന്നതും. അത് നവജാതശിശുവിനു തൂക്കക്കുറവിനു കാരണമാകുന്നു. വിവിധതരം ജനനവൈകല്യങ്ങള്‍ക്കും സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോമിനും(എസ്‌ഐഡിഎസ്) സാധ്യത കൂടുന്നു. പുക ശ്വസിക്കാനിടയാകുന്ന നവജാതശിശുക്കള്‍ക്ക് കാതില്‍ അണുബാധ, ആസ്ത്മ എന്നിവയ്ക്കു സാധ്യതയേറും.

061515_smoking_THUMB_LARGE

  • കറയടിഞ്ഞ് ശ്വാസകോശം

ചിലര്‍ സിഗരറ്റിന്റെ പുക അകത്തേക്കു വലിച്ചെടുത്തശേഷം പുറത്തുവിടുന്ന ശീലക്കാരാണ്. കാലാന്തരത്തില്‍ ദോഷകരമായ രാസവസ്തുക്കളെ അരിച്ചു നീക്കാനുള്ള ശ്വാസകോശങ്ങളുടെ സ്വാഭാവിക കഴിവു നഷ്ടമാകും. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ ചുമയിലൂടെ കാര്യക്ഷമമായും ഫലപ്രദമായും പുറന്തള്ളാനാകാതെ വരുന്നു. ഫലമോ വിഷാംശം ശ്വാസകോശങ്ങളില്‍ തങ്ങിനില്‍ക്കും. പുകവലിക്കാരില്‍ ശ്വാസകോശ അണുബാധ, പനി, ജലദോഷം എന്നിവയ്ക്കു സാധ്യത കൂടുന്നതിന്റെ കാരണം മറ്റൊന്നല്ല. സിഗരറ്റിന്റെ പുക ശ്വസനം തകരാറിലാക്കുന്നു. നിരവധി ശ്വാസകോശരോഗങ്ങള്‍ക്ക് ഇടയാക്കുന്നു. ശ്വാസകോശങ്ങളിലെ വായുഅറകള്‍ നശിക്കുന്ന അവസ്ഥയാണ് എംഫെസിമ. ശ്വാസകോശങ്ങളിലെ ട്യൂബുകളുടെ ആവരണം നീരുവന്നു വീര്‍ക്കുന്ന അവസ്ഥയാണ് ക്രോണിക് ബ്രൊങ്കൈറ്റിസ്. ഇതു കാലക്രമത്തില്‍ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്(സിഒപിഡി) സാധ്യത വര്‍ധിപ്പിക്കുന്നു. ന്യുമോണിയ, ആസ്ത്മ, ക്ഷയം തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു.

  • ‘പായ്ക്കറ്റുകളില്‍ സഞ്ചരിക്കുന്ന കൊലയാളികള്‍’

സുരക്ഷിതമായ പുകവലി എന്നൊന്നില്ല. സിഗരറ്റ്, സിഗാര്‍, പൈപ്പ്, ഹൂക്ക…ഏത് ഉപയോഗിച്ചാലും പുകയില ഉത്പന്നങ്ങളുടെ ദോഷഫലങ്ങളില്‍ നിന്നു രക്ഷയില്ല. സിഗാറിലും ഹൂക്ക, പൈപ്പ് എന്നിവയില്‍ ഉപയോഗിക്കുന്ന പുകയിലയിലും അടങ്ങിയത് ഒരേതരം രാസവസ്തുക്കളാണ്. സിഗാറില്‍ സിഗരറ്റിലുള്ളതിലധികം കാര്‍സിനോജനുകളും വിഷപദാര്‍ഥങ്ങളും ടാറും അടങ്ങിയിട്ടുണ്ട്. ഹൂക്ക പൈപ്പ് ഉപയോഗിക്കുമ്പോള്‍ നേരിട്ടു സിഗരറ്റ് വലിക്കുമ്പോള്‍ എത്തുന്നതിലും അധികഅളവില്‍ പുക ശ്വാസകോശങ്ങളിലെത്തുന്നു. ഹൂക്കയുടെ പുകയിലും നിരവധി വിഷകരമായ രാസവസ്തുക്കളുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ കിട്ടുന്നതിലുമധികം കാര്‍ബണ്‍ മോണോക്‌സൈഡ് ശരീരത്തിലെത്തുന്നു.

സ്ട്രസ്ഫുള്‍ ജോലി ചെയ്യുന്ന, സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉന്നത

നിലവാരമുള്ളവരും സാമ്പത്തികമായും വിദ്യാഭ്യാസപരമായും നിലവാരം കുറഞ്ഞവരും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ ഒരുപോലെയാണ്‍ നാലും കൂട്ടിയുള്ള മുറുക്ക്, പാന്‍പരാഗ്, തമ്പാക്ക്… തുടങ്ങിയ പുകയില്ലാത്ത  പുകയില ഉത്പന്നങ്ങളും വിനാശകാരികള്‍ തന്നെ. ഇതരസംസ്ഥാന തൊഴിലാളികളാണ് അവയുടെ വലിയ ഉപഭോക്താക്കള്‍. നമ്മുടെ കുട്ടികള്‍ വരെ അതിന്റെ അടിമകളായി മാറുകയാണ്. പുകയിലയ്‌ക്കൊപ്പം കഞ്ചാവും കുപ്പിച്ചില്ല് പൊടിച്ചു ചേര്‍ത്തതുമായ ഉത്പന്നങ്ങളും ഇന്നു വ്യാപകം.

പുകവലി ഉപക്ഷിക്കുക എന്നതു പറയുന്നതുപോലെ അത്ര എളുപ്പമല്ല. പക്ഷേ, കുടുംബത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അത് അത്ര പ്രയാസമുളള കാര്യമല്ല. പുകവലിയിലൂടെ പരോക്ഷമായി തകരാറിലാകുന്നത് കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും കൂടി ആരോഗ്യമാണെന്ന് തിരിച്ചറിയുക. ഏതാനും നിമിഷങ്ങളിലെ വിഷസുഖം ഉപേക്ഷിച്ച് സമൂഹത്തിനു ഗുണകരമായ തീരുമാനമെടുക്കാം. തെറ്റ് തിരുത്താന്‍ തയാറാകുമ്പോഴാണ് ഒരാള്‍ ഹീറോ ആകുന്നത്. തെറ്റു തുടരാന്‍ ശ്രമിക്കുന്നിടത്തോളം വലിയ ഒരു സീറോ തന്നെ. ഇന്നു മുതല്‍ പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിര്‍ത്താം. നമുക്കും ഹീറോയാവാം.

  • പുകവലി ഉപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പുകവലി നിര്‍ത്തണം എന്നു തീരുമാനിച്ചാല്‍, അടുത്ത നിമിഷം അതു വേണ്ടപ്പെട്ടവരെ അറിയിക്കുക. അവരുടെ പിന്തുണ നിങ്ങള്‍ക്കു സഹായകമാവും. പുകവലി നിര്‍ത്തുന്നവര്‍ക്ക് അമിതമായ ഉത്കണ്ഠ, അസ്വസ്ഥതകള്‍, ഡിപ്രഷന്‍, തലവേദന, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു സാധ്യയുണ്ട്. ഇവ തരണം ചെയ്യാന്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതം.

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഹോബി ശീലമാക്കാം. കുടുംബത്തോടാപ്പം യാത്ര പോകാം. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്കു പോകാം. പൂന്തോട്ട നിര്‍മാണം, പച്ചക്കറിത്തോട്ട നിര്‍മാണം, ഔഷധത്തോട്ട നിര്‍മാണം എന്നിവ ശീലമാക്കാം.

ഭക്ഷണത്തിനു ശേഷം സ്ഥിരമായി പുക വലിച്ചിരുന്നവര്‍ക്ക് ഇനി പല്ലുതേക്കുന്നതു ശീലമാക്കാം. ച്യൂയിംഗ് ഗം, മിഠായി എന്നിവ ഉപയോഗിക്കാം. തുളസിയില ചവയ്ക്കാം. ആഹാരക്രമത്തിലും ചിലതു ശ്രദ്ധിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. കഴിവതും വീട്ടില്‍ വിളയിച്ചതു തന്നെ. മുമ്പു പറഞ്ഞല്ലോ ടെന്‍ഷന്‍ മാറ്റാന്‍ പച്ചക്കറികൃഷി സഹായിക്കുമെന്ന്. ടെന്‍ഷനും മാറും വിഷാംശമില്ലാത്ത പച്ചക്കറി കഴിക്കുകയുമാവാം. പുകവലി നിര്‍ത്തിയാല്‍ നേട്ടം കൂട്ടമായെത്തും.

സുഹൃത്തുക്കള്‍ക്കും ചിലതൊക്കെ ചെയ്യാനാകും. പുകവലി നിര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കാം, സമ്മാനങ്ങള്‍ നല്കാം. പൊതുചടങ്ങുകളില്‍ അവരെ ആദരിക്കാം. പുകവലി ഉപേക്ഷിക്കുന്ന സ്റ്റാഫംഗത്തിനു സ്ഥാപനങ്ങള്‍ പ്രത്യേക കാഷ് അവാര്‍ഡ് നല്കാം. പുകവലി ഉപേക്ഷിച്ചതിലൂടെ കൈവന്ന നേട്ടങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം നല്കണം. പുകവലി ഉപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതു പ്രചോദനമേകും.

_72892982_ntya7h3n

പുകവലി ഉപേക്ഷിച്ചയാളുടെ മുമ്പിലിരുന്നു പുകവലിക്കരുത്, മദ്യപാനത്തിനു പ്രേരിപ്പിക്കരുത്. പുകവലി ഉപേക്ഷിച്ച ശേഷം മറ്റു ലഹരിപദാര്‍ഥങ്ങള്‍ക്കു പിന്നാലെ പോകാനിടയാകരുത്. പുകവലിയെ ഓര്‍മിപ്പിക്കുന്നതെല്ലാം… അവശേഷിക്കുന്ന സിഗരറ്റുകള്‍, ആഷ് ട്രേ, ലൈറ്റര്‍…എന്നിവയെല്ലാം വീട്ടില്‍ നിന്ന് മാറ്റണം. പുകഗന്ധം നിറഞ്ഞ വീട്ടുമുറികള്‍, കാര്‍പെറ്റ്, വസ്ത്രങ്ങള്‍… എല്ലാം കഴുകി വൃത്തിയാക്കാം. കുന്തിരിക്കം പോലെ സുഗന്ധം പരത്തുന്ന വസ്തുക്കള്‍ പുകയ്ക്കാം. എയര്‍ ഫ്രഷര്‍ ഉപയോഗിക്കുന്നതു പുകഗന്ധമകറ്റാന്‍ സഹായകം.

പുകവലി ഉപേക്ഷിച്ചവര്‍ക്കു സമൂഹമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി കൂട്ടായ്മകള്‍ സംഘടിപ്പിക്കാം. പുകവലിക്കു ചെലവാക്കിയിരുന്ന പണം പ്രത്യേക ഫണ്ടായി സൂക്ഷിക്കാം. കുറേ നാളുകള്‍ക്കു ശേഷം അതു വലിയൊരു സംഖ്യയാകുമ്പോള്‍ കാന്‍സര്‍ രോഗികള്‍ക്കു സഹായധനമായി നല്കാം.

കാന്‍സര്‍രോഗികളെ സഹായിക്കാന്‍ ഒരു കൂട്ടായ്മ തന്നെയുണ്ടാക്കാം. ടെന്‍ഷന്‍ താനേ പമ്പകടക്കും; നമ്മുടെ ടെന്‍ഷനും വേദനകളും എത്രയോ നിസാരമെന്നു തോന്നും. പുകവലി ഉപേക്ഷിച്ചതോടെ ജീവിതത്തിനു പുതിയ അര്‍ഥം കൈവന്നതായി അനുഭവപ്പെടും

You must be logged in to post a comment Login