പുണ്യപാപങ്ങളുടെ ഇരുമുടികെട്ട്

 

ടി.കെ പുഷ്‌കരന്‍

വ്രതാനുഷ്ഠാനങ്ങളുടെ മണ്ഡലകാലമാണിത്. നാട്ടുവഴികളില്‍ ശരണം വിളിയുടെ മന്ത്രധ്വനികളുടെ മുഴക്കം. മോക്ഷവും മുക്തിയും ലക്ഷ്യമാക്കി പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുകളുമായി സ്വാമിമാര്‍ ശബരിമലയിലേക്ക് .സകലവിധ മോഹങ്ങളുടേയും നാശമാണ് മോക്ഷമെങ്കില്‍ സകലവിധ ആഗ്രഹങ്ങളില്‍ നിന്നുള്ള മോചനമാണ് മുക്തി. ഭക്തര്‍ ലക്ഷ്യപ്രാപ്തിക്കായി 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പ്രവേശിച്ചിരിക്കുന്നു.

മണ്ഡലകാലം

41 ദിവസമാണ് ഒരു മണ്ഡലകാലം. ഇതിന് മനശാസ്ത്രപരമായ അര്‍ത്ഥതലങ്ങളുണ്ട്. ഏതൊരു മനുഷ്യനും പുലര്‍ത്തി പോന്ന സ്വഭാവങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് തുടര്‍ച്ചയായ 21 ദിവസത്തെ പരിശ്രമം വേണം. പുതുതായി സ്വരൂപിച്ചെടുത്ത ഒരു സവിശേഷ ഗുണത്തെ സ്വഭാവമാക്കി മാറ്റുന്നതിനും 21 ദിവസം വേണം. അതിനാല്‍ 41 ദിവസവ്രതം കഴിഞ്ഞ് 42-ാമത്തെ ദിവസമേ ശബരിമല ചവിട്ടാവൂ എന്ന് ആചാര്യന്മാര്‍ നിശ്ചയിച്ചിരിക്കുന്നു. ബാല്യം, കൗമാരം, യൗവ്വനം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം എന്നി അഞ്ച് അവസ്ഥകളിലൂടെയാണ് ഒരു സമ്പൂര്‍ണ്ണമായ മനുഷ്യജിവിതം കടന്ന് പോകുന്നത്. അതിനിടയില്‍ നവഗ്രഹങ്ങള്‍ക്കിടയിലൂടെ 9 ദശാകാലത്തിലൂടെയും നമ്മുടെ ജീവിതം കടന്നുപോകുന്നു. കൂടാതെ 27 നാളുകളും നമ്മെ സ്വാധീനിക്കുന്നുണ്ടല്ലോ. 5 ജീവിതാവസ്ഥകളും 9 ദശാകാലവും 27 നാളുകളും കൂടി സങ്കലനം ചെയ്യുമ്പോഴും 41 ലഭിക്കുന്നു. അതുകൊണ്ട് തന്നെ വാക്ശുദ്ധി, മനഃശുദ്ധി ശരീര ശുദ്ധി എന്നിവ പാലിച്ച് കൊണ്ട് 41 ദിവസത്തെ നിഷ്ഠയായ വ്രതാനുഷ്ഠാനങ്ങള്‍ ഭക്തര്‍ക്ക് കൂടിയേ തീരു.

ശ്രവണം, സ്മരണം, പാദസേവനം, അര്‍ച്ചനം, ദാസ്യം, സഖിത്വം, കീര്‍ത്തനം, ആത്മ നിവേദനം (നിവേദ്യം അര്‍പ്പിക്കല്‍ )എന്നീ സപ്തഗുണങ്ങളാണ് ഭക്തജനങ്ങള്‍ക്ക് വേണ്ടത്. നാമജപം, കീര്‍ത്തനാലാപനം വിശുദ്ധ ഗ്രന്ഥ പാരായണം ഭഗവത് വിഷയ സംവാദം തുടങ്ങിയ കര്‍മ്മാനുഷ്ഠാനങ്ങള്‍ മതി വാഗ്ശുദ്ധിയ്ക്കും. പ്രകൃതി ഉണരുമ്പോള്‍ ഭക്തന്മാരും ഉണരുന്നു. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് പുണ്യ തീര്‍ത്ഥകുളങ്ങൡ കുളിക്കണം. ‘അന്നമയം ശരീര’ എന്നാണ് പ്രമാണം. അതിനാല്‍ നാം സ്വാതികാഹാരം ശീലിക്കണം. അന്നദാനം നടത്തണം. ദാനങ്ങളില്‍ മഹത്ദാനമാണിത്. ദാനം സ്വീകരിക്കുന്നയാള്‍ ‘മതി’ പ്രകടിപ്പിക്കുന്നത് അന്നദാനത്തില്‍ മാത്രമാണല്ലോ. ധര്‍മ്മ ശാസ്താവ് കാനനവാസിയാണ്. ആയതിനാല്‍ ഭക്തര്‍ നഖവും മുടിയും ദീക്ഷയും വളര്‍ത്തി മറ്റാരാലും ആകര്‍ഷിക്കപ്പെടാതെ പ്രകൃതഭാവം സ്വീകരിക്കണം. അഹം ബോധം വെടിയണം. അദ്ധ്യാത്മ ജീവിതം നയിക്കണം.

ഭക്തര്‍ ഭഗവാനായിതീരണം, ഐശ്വര്യം, ധര്‍മ്മം, യശസ് ശ്രേയസ്, വൈരാഗ്യം, മോക്ഷം എന്നീ ഭഗകള്‍ ഉള്ളവനാണ് ഭഗവാന്‍. ഭഗവാനെ അനുനിമിഷം ഉപാസിയ്ക്കണം. സാലോക്യം (ഭഗവാന്റെ രൂപം മനസ്സി കണ്ട്) സാരൂപ്യം (വിഗ്രഹം/പടംവെച്ച് ആരാധിച്ച്, )സായൂജ്യം (താനും ഭഗവാനും ഒന്നാണെന്ന് പരികല്പന ചെയ്ത്) ,സാമീപ്യം (ഭഗവാന്റെ സമീപത്തിരുന്ന്) എന്നിങ്ങനെ 4 വിധത്തില്‍ ഭഗവാനെ ആരാധിക്കാം. ആരിലും ഉച്ചനീചത്വങ്ങള്‍ കല്പിക്കാതെ ഭക്തലയത്തോടെ അഗ്നിയില്‍ ഹവിസ് (നെയ്യ്) പോലെ തന്നെ സമര്‍പ്പിക്കുക എന്നതാണ് വ്രതനിയമങ്ങളുടെ അന്തഃസ്സത്ത. ഉണര്‍ന്നിരിക്കുമ്പോഴും സ്വാമി ഭക്തര്‍ അയ്യപ്പനെ വന്ദിച്ച് കൊണ്ടിരിക്കണം. യാതൊന്നിനേയും നിന്ദിയ്ക്കാതിരിക്കലാണ് ഉത്കൃഷ്ടവന്ദനമെന്ന് മറന്നുകൂടാ.
വ്രതാനുഷ്ഠാനങ്ങള്‍ സര്‍വ്വമതക്കാരേയും ശാരീരികമായും ആത്മീയമായും ശുദ്ധീകരിക്കുന്നു. കര്‍മ്മഫലം നല്കുന്നത് നമ്മുടെ വാക്കുകളും ചിന്തകളും ചെയ്‌വനകളുമാണ്. ബ്രഹ്മചര്യവും കാത്ത് സൂക്ഷിക്കണം. ബ്രഹ്മത്തെ ലക്ഷ്യമാക്കി നീങ്ങുന്നതാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യത്തില്‍ നിഷ്ഠയുള്ളവനെ ജയിക്കുക ക്ഷിപ്രസാധ്യമല്ല തന്നെ. മഹാസുകൃതങ്ങള്‍ കൈവരിക്കാനും ബ്രഹ്മചര്യം നന്ന്. യഥാര്‍ത്ഥ ഭക്തനെ കാമക്രോധലോഭമോഹാദികള്‍, മദം, മല്‍സരം അഹങ്കാരം, അസൂയ എന്നി അഷ്ട രാഗങ്ങള്‍ സ്പര്‍ശിക്കുകയില്ല. ആഹാരം തൃജിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. അയ്യപ്പസ്വാമി മാളികപ്പുറത്തമ്മയെ ഏറ്റെടുത്തതുപോലെ സ്ത്രീത്വത്തെ അമ്മയെപ്പോലെ പൂജിക്കണം. ത്യാഗത്തിന്റെ പ്രതീകമാണ് കാവി. സന്യാസത്തില്‍ കാവി പ്രതീകമാകുന്നതിങ്ങനെയാണ്. ശ്യാമവര്‍ണ്ണം (നീല/ കറുപ്പ്) അനന്തതയുടെ അഥവാ ശൂന്യതയുടെ പ്രതീകമാണ്. ആയതിനാല്‍ ഭക്തര്‍ ശ്യാമവര്‍ണവസ്ത്രങ്ങള്‍ ധരിക്കണം. പന്തളം രാജാവ് ഉടമസ്ഥനാണ്. ഉടമസ്ഥത തൃജിയ്ക്കാത്തവനായതിനാലാണ് രാജാവ് വെള്ളമുണ്ടുടുത്ത് ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുന്നത്. മറ്റൊരു ചടങ്ങ് മുദ്രാധാരണമാണ്. രക്തചന്ദനം, തുളസിക്കമ്പ്, ചന്ദനം, രുദ്രാക്ഷം തുടങ്ങിയ 108 മണികളുള്ള മാല ഹൃദയത്തോട് ചേര്‍ത്ത് ധരിക്കലാണ് മുദ്രാധാരണം.

പുണ്യ പാപകെട്ട്
ഇരുമുടിക്കെട്ട് മുന്‍കെട്ടും പിന്‍കെട്ടുമുണ്ട്.

മുന്‍കെട്ടില്‍ പഞ്ചാമൃതവും (കല്‍ക്കണ്ടം, ഉണക്കമുന്തിരി, ശര്‍ക്കര, തേന്‍, കദളിപ്പഴം) എന്നിവയും കാണിപൊന്നും നിറയ്ക്കുന്നു. കണ്ണ് തുരന്ന് വെളളം നീക്കി പുനര്‍ ജന്മവാസന ഇല്ലാതാക്കിയ തേങ്ങയില്‍ ഭക്തമനസ്സിനെ ഉരുക്കിയ നെയ്യായി സങ്കല്പിച്ചാണ് നെയ്യ് നിറയ്ക്കുന്നത്. ആ സമയത്ത് ശരണമന്ത്രങ്ങളില്‍ പങ്ക ജനയനാ, ശങ്കരരൂപ, ത്രിലോകനാഥ, ശ്രീ മണികണ്ഠാ, അംബാസുരനെ, അഖിലേശ്വരനെ, ശൈലാധി വാസ, ശോകവിനാശ എന്നിങ്ങനെ അയ്യപ്പന്റെ ആയിരം നാമങ്ങളാണ് ഏറ്റ് ചൊല്ലുന്നത്. പനിനീര്‍, മഞ്ഞള്‍പൊടി, ഭസ്മം, കളഭം, കുങ്കുമം, അരി, മലര്‍, അവില്‍, ദീപ- ധൂപ സങ്കല്പത്തിലുള്ള കര്‍പ്പൂരം, ചന്ദനത്തിരി എന്നി പൂജാ സാമഗ്രികളും മുന്‍കെട്ടില്‍ നിറയ്ക്കുന്നു. പിന്‍കെട്ടില്‍- തീര്‍ത്ഥാടനത്തിനിടയില്‍ വേണ്ടിവരുന്ന ദക്ഷിണ സാമഗ്രികള്‍, നാൡകേരം, കഞ്ഞിവെയ്ക്കാനുള്ള അരി എന്നിവയാണ് നിറയ്ക്കുക. ജീവിത കാലത്ത് ചെയ്ത് കൂട്ടിയ പാപങ്ങളത്രയും ഭഗവാന് സമര്‍പ്പിച്ചാണ് പിന്‍കെട്ട് മുറുക്കുക. ബാല്യ- കൗമാര്യ യൗവ്വനങ്ങളേയും ഗൃഹസ്ഥാശ്രമത്തേയും സന്യാസത്തേും പ്രതിനിധീകരിക്കുന്ന എരുമേലി, അഴുത, കരിമല, നീലിമല, ശബരിമല എന്നിവ കയറിയിറങ്ങിയാല്‍ മനുഷ്യജീവിതം പൂര്‍ണ്ണമായി. എരുമേലിയില്‍ അവിവേകിയായ ബാലനെപ്പോലെയല്ലെ പേട്ടതുള്ളുക. വാവരെ വന്ദിച്ച് സമസ്ത കടമ്പകളും കടന്ന് ശാസ്താവിന്റെ തിരുനടയിലെത്തിയാല്‍ അവിടെ നാം വായിക്കുന്നത് തത്വമസി എന്നാണ് അത് നീ ആകുന്നു. ഒന്നാകുന്നു എന്നൊക്കെയാണര്‍ത്ഥം. സന്നിധാനത്തില്‍ തന്നെ വനഗൃഹങ്ങളും നാഗങ്ങളും കൊച്ചുകടത്ത സ്വാമിയും പ്രകൃതിമാതാവായ മാൡകപ്പുറത്തമ്മയുമുണ്ട്. ഇവരേയും നാം വന്ദിച്ച് പ്രാര്‍ത്ഥിക്കുന്നു. പാതി നെയ്യ് തേങ്ങ കര്‍പ്പൂരാഴിയിലര്‍പ്പിച്ച് സകലവിധ ശരീര ധര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയാണ് പടിയിറക്കം. ചിലര്‍ പൊന്നമ്പല മേട്ടിലെ ജ്യോതിയും ദര്‍ശിക്കുന്നു. ഹരിവരാസനം പാടി ഭഗവാനെ ഉറക്കുന്നത് വരെ മലയില്‍ തന്നെ കഴിയണമെന്നാണ്.
ഇരുമുടിയെ ഒറ്റ മുടിക്കെട്ടാക്കിയാണ് മലയിറക്കം. നാൡകേരമുടച്ച്, മാലയൂരി, നിലവിളക്കിന്റെ തിരിയണച്ച് ഭക്തന്‍ തെളിമനസ്സോടെ നിത്യജീവിതത്തിലേക്ക് ലയിക്കുന്നതോടെ മണ്ഡല വ്രതം പൂര്‍ത്തിയാക്കുന്നു.
ബുദ്ധമത പതനത്തോടെയാണ് ഹൈന്ദവ മതം ശക്തി പ്രാപിയ്ക്കുന്നത്. ശരണം വിൡും കാനനവാസിയും തപസ്സും ബുദ്ധപാരമ്പര്യത്തോടെ ഏറെ അടുത്ത് നില്‍ക്കുന്നവയാണ്. ജാതിമതഭേദ്യമന്യേ ഏവര്‍ക്കും ശബരിമലയില്‍ പോകാം എന്നതും ബുദ്ധ സങ്കല്പമാണ്.

ജനത്തിരക്ക് കൂടിയതോടെ കാട് നാടും നഗരവുമായി മാറിക്കഴിഞ്ഞു. കച്ചവടക്കണ്ണുകള്‍ മുന്തിയ ഹോട്ടലുകളും താമസസൗകര്യങ്ങളും ഒരുക്കി തീര്‍ത്ഥാടകരെ കാത്തിരിക്കുന്നു. പാരിസ്ഥിതിക തകര്‍ച്ചയും ശബരിമലയെ ഗ്രസിച്ച് തുടങ്ങിയിരിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും കാലപ്രവാഹത്തില്‍ ശരംകുത്തിയാലിന്‍ ചോട്ടില്‍ ഇനിയും കന്നി അയ്യപ്പന്‍മാരെത്തും. മാൡകപ്പുറത്തമ്മ കന്നി അയ്യപ്പന്‍മാര്‍ വരരുതേയെന്ന് പ്രാര്‍ത്ഥിച്ച് നെടുംമംഗല്യത്തിനായി കാത്തിരിക്കും. അപ്പവും അരവണയും അഭിഷേകമാടിയ നെയ്യും ഭക്തരുടെ ശിഷ്ട ജീവിതത്തിലെ പുണ്യ പാഥേയങ്ങളാവട്ടെ.ശബരിമലയില്‍ മതമൈത്രിയുടെ കര്‍പ്പൂരാഴി കത്തിപ്പടരട്ടെ.

 

You must be logged in to post a comment Login