പുതിയ 2000, 200 രൂപ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും ആര്‍ബിഐയുടെ കൈവശമില്ലെന്ന് ആരോപണം

നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 200, 2000 രൂപാ നോട്ടുകള്‍ക്ക് അംഗീകാരം നല്‍കുന്ന രേഖകളൊന്നും റിസര്‍വ് ബാങ്കിന്റെ കൈവശമില്ല. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ എം.എസ് റോയിക്ക് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രമേയമോ (Government Resolution) സര്‍ക്കുലറുകളോ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡോ സര്‍ക്കാരോ അംഗീകരിക്കാതെ പുറത്തിറക്കിയ നോട്ടുകളുടെ നിയമപരമായ സാധുത ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും വിദഗ്ദര്‍ ആരോപിക്കുന്നു. നോട്ട് നിരോധനത്തിന് ആറു മാസം മുന്‍പ്, 2016 മെയ് 19നാണ് പുതിയ നോട്ടുകളുടെ ഡിസൈനും മറ്റ് വിവരങ്ങള്‍ക്കും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അവസാനമായി അംഗീകാരം നല്‍കിയത്. പിന്നീട് ഇത് കേന്ദ്ര സര്‍ക്കാരിന് അംഗീകാരത്തിനായി അയച്ചുകൊടുത്തു. 1993ല്‍ അംഗീകാരം നല്‍കിയ 10, 20, 50, 100, 500 രൂപ നോട്ടുകളുടെ പുതിയ ഡിസൈന്‍ സംബന്ധിച്ചായിരുന്നു 2016 മെയില്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത്.

എന്നാല്‍ പഴയ 1000, പുതിയ 2000, ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 200 രൂപ നോട്ടുകളുടെ ഡിസൈന്‍ സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ കൈക്കൊണ്ടതിനൊന്നും രേഖയില്ല. ഈ നോട്ടുകളൊന്നും പുറത്തിറക്കിയത് ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടല്ലെന്നാണ് ആരോപണം. റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടില്ലെങ്കില്‍ പിന്നെ ഈ നോട്ടുകളുടെ അളവ്, ഡിസൈന്‍, അച്ചടി, വിതരണം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ആരാണ് അംഗീകരിച്ചതെന്ന് ഒരു രേഖയിലും വ്യക്തമല്ല.

1000 രൂപാ നോട്ടുകള്‍ കഴിഞ്ഞ വര്‍ഷത്തെ നോട്ട് നിരോധനത്തിലൂടെ പിന്‍വലിക്കപ്പെട്ടു. അതിന് ശേഷം പുറത്തിറങ്ങിയ പുതിയ നോട്ടുകളുടെ കാര്യങ്ങളിലൊന്നും നടപടിക്രമങ്ങള്‍ പാലിക്കപ്പെടാത്ത സ്ഥിതിക്ക് ഇവയുടെ മൂല്യം ചോദ്യം ചെയ്യപ്പെടാമെന്നും വിദഗ്ദര്‍ പറയുന്നു. രേഖകള്‍ ഉണ്ടായിട്ടും നല്‍കാത്തതാണെന്ന തരത്തില്‍ റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ സൂചനകളുമില്ല.

You must be logged in to post a comment Login