പുതുക്കാത്ത ലൈസന്‍സുമായി എയര്‍ ഇന്ത്യയുടെ വിമാനം പറത്തിയത് 102 പൈലറ്റുമാര്‍

  ന്യൂഡല്‍ഹി: പുതുക്കാത്ത ലൈസന്‍സുമായി എയര്‍ഇന്ത്യന്‍ വിമാനം പറത്തിയത് 102 പൈലറ്റുമാര്‍. യുഎസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) ആവശ്യപ്രകാരമാണ് എയര്‍ഇന്ത്യ ഇക്കാര്യം പുറത്തുവിട്ടത്.
അതേപോലെ, ജെറ്റ് എയര്‍വേഴ്‌സിന്റെ 131 പൈലറ്റുമാരാണ് ഇത്തരത്തില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നിര്‍ബദ്ധമായും പുതുക്കേണ്ട ലൈസന്‍സ് പുതുക്കാതെ വിമാനം പറത്തിയത്.
ഇതിനെത്തുടര്‍ന്ന് ജെറ്റ്്് എയര്‍വെയ്‌സിന്റെ ട്രെയിനിങ് മേധാവിയെ പുറത്താക്കാന്‍ ഡി.ജി.സി.എ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഡി.ജി.സി.എ എയര്‍ഇന്ത്യയോട് ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്.  രണ്ടുവര്‍ഷത്തിലൊരിക്കല്‍ പൈലറ്റുമാര്‍ ലൈസന്‍സ് നിര്‍ബദ്ധമായും പുതുക്കേണ്ടതാണ്. അതിനായി അവര്‍ എഴുത്തുപരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും പാസാകേണ്ടതുണ്ട്. അതവര്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് അതാത് വിമാനക്കമ്പനികളുമാണ്.
എന്നാല്‍ കഴിഞ്ഞരണ്ടു മാസത്തിനിടെ രണ്ടു പ്രമുഖ കമ്പനികളിലെ 200 ലധികം പൈലറ്റുമാരാണ് ഇത് ലംഘിച്ചത്. പ്രശ്‌നം അതീവഗൗരവമേറിയതാണെന്നും എത്രയും വേഗം എല്ലാ പൈലറ്റുമാരുടെയും ലൈസന്‍സുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login