പുതുതലമുറ കായിക പ്രവൃത്തികളിലേര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കണം ;അത് സൗന്ദര്യത്തിന് വേണ്ടിയല്ല നല്ല ജീവിതത്തിനാണെന്നും സച്ചിന്‍

ഡല്‍ഹി : കായിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് മികച്ച ശാരീരിക ക്ഷമതയുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് പുതുതലമുറയോട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ശാരീരിക ക്ഷമത എന്നാല്‍ അഴകിനുവേണ്ടി ശരീരാകൃതി കമനീയമാക്കുകയല്ല മറിച്ച് ഭാവി ജീവിതം മനോഹരമാക്കുക എന്നതാണെന്നും സച്ചിന്‍ വ്യക്തമാക്കി. കൊല്‍ക്കത്ത ഫുള്‍ മാരത്തണ്‍ എന്ന പരിപാടിയുടെ മുന്നോടിയായി നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ കുട്ടികള്‍ വീടിനുള്ളിലിരുന്ന് കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും വീഡിയോ ഗെയിമിലും സമയം പാഴാക്കിക്കളയുകയാണ്. എന്നാല്‍ അവര്‍ കളിക്കാനായോ മറ്റെന്തിനെങ്കിലുമോ പുറത്തേക്കിറങ്ങണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ അവര്‍ ചെയ്താല്‍ അതവരുടെ ആരോഗ്യത്തില്‍ ഗുണപരമായ മാറ്റമുണ്ടാകുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റ മുത്തശ്ശി എന്നോടു പറയുമായിരുന്നു ആരോഗ്യമാണ് നമ്മുടെ സമ്പാദ്യം എന്ന്. ഈ രാജ്യത്തോടും എനിക്കതാണ് പറയാനുള്ളത്. ആരോഗ്യത്തോടെ ജീവിക്കാനുതകുന്ന ജീവിത രീതികള്‍ പിന്തുടരുകയാണ് വേണ്ടത്. ചില സമയങ്ങളില്‍ മറ്റുള്ളവര്‍ കളികളില്‍ മുഴുകുന്നത് നാം കണ്ടിരിക്കും. അതിനുപകരം നാം അവരോടൊപ്പം ചേരുകയാണ് വേണ്ടത്. ശാരീരിക ക്ഷമത എന്നാല്‍ പുറമേനിന്ന് ശരീരം കാണുമ്പോഴുള്ള അഴകല്ല, മറിച്ച് നല്ല ജീവിതത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീം ഇന്ത്യയുടെ ശാരീരിക ക്ഷമതയേപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിങ് നിര അണിനിരക്കുന്ന ടീമുകളിലൊന്നാണ് നമ്മുടേത്. ആ ഫീല്‍ഡിങ് കണ്ടിരിക്കുന്നതുതന്നെ നയനാനന്ദകരമായ കാഴ്ച്ചയാണ്. അത് അങ്ങേയറ്റം ചുറുചുറുക്കും ആക്രമണോത്സുകതയുള്ളതുമാണ്. നല്ല ശാരീരിക ക്ഷമതയുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷമതയുണ്ടാക്കാനുള്ള ഏറ്റവും നല്ല വഴി പരിശീലനമാണ്. ഒരു ടീം എത്രത്തോളം പ്രാക്ടീസ് ചെയ്യുന്നോ അത്രത്തോളം അവര്‍ തങ്ങളുടെ ശാരീരിക ക്ഷമതയെക്കുറിച്ച് ബോധവാന്മാരുമാകുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

You must be logged in to post a comment Login