പുത്തന്‍ ഫീച്ചറുകളുമായി വിന്‍ഡോസ് 10 ; പുതിയ അപ്‌ഡേറ്റ് ഒക്‌ടോബര്‍ 17ന് എത്തിയേക്കും

വിന്‍ഡോസ് 10 ഓപ്പറേറ്റിംങ് സിസ്റ്റത്തിന്റെ പുതിയ അപ്‌ഡേറ്റ് ഒക്ടോബര്‍ 17 മുതല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ പതിപ്പിന്റെ ക്രിയേറ്റര്‍ അപ്‌ഡേറ്റിന്റെ പരീക്ഷണം മൈക്രോസോഫ്റ്റ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. നിരവധി പുതിയ മാറ്റങ്ങളുമായാണ് വിന്‍ഡോസ് 10ന്റെ പുതിയ അപ്‌ഡേറ്റ് വരുന്നത്.

വിന്‍ഡോസ് മിക്‌സ്ഡ് റിയാലിറ്റിയാണ് ഇതില്‍ പ്രധാനം. ഏസര്‍, അസൂസ്, ഡെല്‍, എച്ച്പി, ലെനോവോ തുടങ്ങിയ കമ്പനികളുടെ വിആര്‍ ഹെഡ്‌സെറ്റുകള്‍ക്ക് വേണ്ടിയാണ് ഈ പുതിയ പ്ലാറ്റ് ഫോം തയ്യാറാക്കിയിരിക്കുന്നത്. ഓക്ടോബര്‍ 17ന് ശേഷം വിന്‍ഡോസ് കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കാവുന്ന വിആര്‍ ഹെഡ്‌സെറ്റുകള്‍ വിപണിയിലെത്തും.

സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്തുന്നതിന് ടാസ്‌ക്ബാറില്‍ പ്രിയപ്പെട്ട കോണ്ടാക്റ്റുകള്‍ പിന്‍ചെയ്ത് വെക്കാനുള്ള പീപ്പളി ഇന്റഗ്രേഷന്‍ ഫീച്ചര്‍, വണ്‍ഡ്രൈവില്‍ നിന്നും എളുപ്പത്തില്‍ ഫയലുകള്‍ എടുക്കാന്‍ സഹായിക്കുന്ന വണ്‍ ഡ്രൈവ് ഫയല്‍സ് ഓണ്‍ ഡിമാന്റ് എന്നിവ കൂടാതെ ഡിസൈനില്‍ ചില മാറ്റങ്ങളും പുതിയ അപ്‌ഡേറ്റില്‍ ഉണ്ടാവും.

ഇതു കൂടാതെ നിരവധി പുതിയ ഫീച്ചറുകള്‍ക്ക് മൈക്രോ സോഫ്റ്റ് പദ്ധതിയിടുന്നുണ്ടെങ്കിലും അത് വരുന്ന അപ്‌ഡേറ്റില്‍ ഉണ്ടാവാനിടയില്ല. അടുത്ത വര്‍ഷം മറ്റൊരു അപ്‌ഡേറ്റ് കൂടി വിന്‍ഡോസ് 10ന് ഉണ്ടാവും. ടൈംലൈന്‍, ആന്‍ഡ്രോയ്ഡ് ഐഓഎസ് ഉപകരണങ്ങളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യം, വിവരങ്ങള്‍ കോപ്പി ചെയ്യാനായി ഫോണുകളിലും പിസിയിലും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിവേഴ്‌സല്‍ ക്ലിപ്പ് ബോര്‍ഡ് സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ വിന്‍ഡോസിന്റെ ഭാവി അപ്‌ഡേറ്റുകളില്‍ ഉണ്ടാവും.

You must be logged in to post a comment Login