പുത്തന്‍ മാറ്റങ്ങളുമായി ലംബോര്‍ഗിനി ’അവന്റാഡോര്‍ എസ്’ പുറത്തിറക്കി

ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി ‘അവന്റാഡോര്‍ എസ്’ എന്ന പേരില്‍ പുതുക്കിയ പതിപ്പിനെ പുറത്തിറക്കി. ആകര്‍ഷണീയമായ ഡിസൈനിലുള്ള അവന്റാഡോര്‍ എസ് ലംബോര്‍ഗിനിയുടെ കരുത്തുറ്റ കാറുകളിലൊന്നാണ്.നിലവിലുള്ള മോഡലുകള്‍ക്ക് പകരക്കാരനായിട്ടായിരിക്കും പുതിയ അവന്റാഡോര്‍ എസ് അവതരിക്കുക.

730ബിഎച്ച്പിയും 690എന്‍എം ടോര്‍ക്കും നല്‍കുന്ന 6.5ലിറ്റര്‍ വി12 എന്‍ജിന്റെ പുതുക്കിയ പതിപ്പാണ് ഈ കാറിന് കരുത്തേകുന്നത്. അതിനാല്‍ നിലവിലുള്ള മോഡലുകളേക്കാളും കരുത്തേറിയതായിരിക്കുമിത്.ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാന്‍ 7സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനില്‍ ഘടിപ്പിച്ചിട്ടുള്ളത്.നിശ്ചലാവസ്ഥയില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് 2.9സെക്കന്റിനുള്ളില്‍ സാധിക്കും. 349km/h ആണ് കാറിന്റെ ഉയര്‍ന്നവേഗത.

നിലവിലുള്ള മോഡലുകളേക്കാള്‍ അഗ്രസീവ് ലുക്ക് പകുന്ന ഡിസൈനാണ് പുതിയ അവന്റാഡോര്‍ എസിന് നല്‍കിയിരിക്കുന്നത്.കൂടാതെ കാറിന്റെ ഡൗണ്‍ഫോര്‍സ് വര്‍ധിപ്പിക്കുന്ന തരത്തില്‍ മുന്‍ വശങ്ങളില്‍ കാര്യമായ ഡിസൈന്‍ പരിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.പുതിയ സാങ്കേതികതയും പുതിയ ഡ്രൈവിംഗ് മോഡും,പുതിയ സ്റ്റിയറിംഗ് സിസ്റ്റവും കാറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സ്ട്രാഡ, സ്‌പോര്‍ട്, കോര്‍സ എന്നീ ഡ്രൈവിംഗ് മോഡുകള്‍ക്ക് ഒപ്പം പുതിയ ഇന്‍ഡിവിജുവല്‍ മോഡും ക്രമീകരിച്ചിട്ടുണ്ട്.ലംബോര്‍ഗിനിയുടെ പരിമിതക്കാല പതിപ്പായ സെന്റനാരിയോയില്‍ ഉപയോഗിച്ചിട്ടുള്ള ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഈ കാറിലും നല്‍കിയിട്ടുള്ളത്.

You must be logged in to post a comment Login