പുനിത സിന്‍ഹ ഇന്‍ഫോസിസ് ഡയറക്ടര്‍: വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവം

കേന്ദ്രമന്ത്രിയുടെ ഭാര്യയെന്ന പരിഗണനയിലാണ് ഡോക്ടര്‍ പുനിത സിന്‍ഹയെ ഇന്‍ഫോസിസ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ച

punita-sinha
ബംഗളൂരു: കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ ഭാര്യ ഡോക്ടര്‍ പുനിത സിന്‍ഹയെ ഇന്‍ഫോസിസ് ഡയറക്ടറായി നിയമിച്ചു. നരേന്ദ്രമോദി സര്‍ക്കാരിലെ ധനകാര്യവകുപ്പില്‍ സഹമന്ത്രിയാണ് ജയന്ത് സിന്‍ഹ. ഫണ്ട് മാനേജ്‌മെന്റെ് രംഗത്ത് 25 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് പുനിത സിന്‍ഹ ഇന്‍ഫോസിസിന്റെ തലപ്പത്തേക്കു വരുന്നത്.

യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോക്ടര്‍ പുനിത സിന്‍ഹ എസ്‌കെഎസ് മൈക്രോ ഫിനാന്‍സ്, ശോഭ ലിമിറ്റഡ്, എന്നു തുടങ്ങി പല കമ്പനികളുടേയും ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. കേന്ദ്രമന്ത്രിയുടെ ഭാര്യയെന്ന പരിഗണനയിലാണ് ഡോക്ടര്‍ പുനിത സിന്‍ഹയെ ഇന്‍ഫോസിസ് ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്ന് ആരോപിച്ച് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ നടക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ മരുമകള്‍ കൂടിയാണ് ഡോക്ടര്‍ പുനിത സിന്‍ഹ.

പി ചിദംബരം ധനകാര്യമന്ത്രിയായിരുന്ന കാലത്ത് അഭിഭാഷകയായിരുന്ന ഭാര്യ നളിനി ചിദംബരത്തെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ് ചിലര്‍ ട്വിറ്ററിലടക്കമുള്ള സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഭാര്യ ഇന്‍ഫോസിസ് തലപ്പത്തും ഭര്‍ത്താവ് ധനകാര്യ വകുപ്പിലും ജോലി ചെയ്താലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുമുള്ള ചര്‍ച്ചകളും ട്വിറ്ററില്‍ ചൂടുപിടിക്കുകയാണ്.

You must be logged in to post a comment Login